ഷാർജ: രാജ്യത്തുടനീളം ചൂട് കുതിച്ചുയരുന്നതിനിടെ, ഷാർജയിൽ 3,300ലധികം നിർമാണ തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധനയും മറ്റ് ചൂട് സംരക്ഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കി അധികൃതർ. ‘നിങ്ങളുടെ സുരക്ഷയാണ് ലക്ഷ്യം’ എന്ന തലക്കെട്ടിൽ ഷാർജയിൽ നടക്കുന്ന ചൂട് കാരണമുള്ള പ്രയാസം തടയാനുള്ള കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയവും ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സും സർക്കാർ, പ്രാദേശിക, സ്വകാര്യ മേഖലകളിലെ പങ്കാളികളോടൊപ്പം ആഗസ്റ്റ് 15 വരെ കാമ്പയിൻ തുടരും. നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി ഇതിന്റെ ഭാഗമായി 6,000 തൊഴിലാളികൾക്ക് വൈദ്യപരിശോധന ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
പരിശോധനകൾ, ബോധവത്കരണ പ്രഭാഷണങ്ങൾ, പ്രതീകാത്മക സമ്മാനങ്ങൾ, തൊഴിലാളികൾക്ക് പ്രഥമശുശ്രൂഷ പരിശീലന കോഴ്സ് എന്നിവ കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അൽ ഹംറിയ സിറ്റി, അൽ ദൈദ്, കൽബ യൂനിവേഴ്സിറ്റി, അൽ ഹംറിയ കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ്, അൽ ദൈദ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് തുടങ്ങിയ പ്രദേശങ്ങളിൽ പരിപാടികൾ നടന്നു. തൊഴിലാളികളുടെയും താമസക്കാരുടെയും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും അവരെ വേനൽ അപകടങ്ങളിൽനിന്ന് രക്ഷിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ചൂടുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഉചിതമായ ചികിത്സ ഒരുക്കുന്നതിനുമാണ് സൗജന്യ മെഡിക്കൽ പരിശോധനകളും ആരോഗ്യ കൺസൾട്ടേഷനുകളും ചെയ്യുന്നതെന്ന് ഷാർജയിലെ മന്ത്രാലയത്തിന്റെ പ്രതിനിധി ഓഫിസ് ഡയറക്ടർ മുഹമ്മദ് അബ്ദുൽ അല്ലാഹ് അൽ സറൂനി പറഞ്ഞു.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിനുള്ളിൽ പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എല്ലാ പങ്കാളികളുടെയും പ്രതിബദ്ധതയാണ് സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇമാൻ റാശിദ് സൈഫ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.