ഷാർജ: സ്കൂൾ അധ്യാപകന്റെ വേഷം അഴിച്ചുവെച്ച് മാറഞ്ചേരി പനമ്പാട് സ്വദേശി ബഷീർ സിൽസില ദുബൈയിലേക്ക് വിമാനം കയറുമ്പോൾ കൂടെ ഉണ്ടായിരുന്നത് സപ്ത സ്വരങ്ങളും രണ്ടു വയസ്സുള്ളപ്പോൾ തന്നെ തനിച്ചാക്കി പോയ മാതാവിന്റെ ഫോട്ടോ മാത്രം കണ്ടുള്ള ഓർമകളും ഒരു ഇലക്ട്രിക് ഗിത്താറുമായിരുന്നു. 1994 ഏപ്രിൽ ഒന്നിനായിരുന്നു പ്രവാസ യാത്ര. സേവന കാലം പൂർത്തിയായതും മറ്റൊരു ഏപ്രിലിൽ തന്നെ.
നിരന്തരമായ ജോലി അന്വേഷണം എത്തിച്ചത് ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മഖ്തൂമിന്റെ കുതിരയോട്ട കേന്ദ്രത്തിൽ. ഫോൺ ഓപറേറ്ററായി തുടങ്ങിയ ജോലി കുതിരയോട്ടത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന തലത്തിലേക്ക് ഉയർന്നത് പെട്ടെന്നായിരുന്നു. ഷരീഫ് ഹലവനി എന്ന ഈജിപ്ത് സ്വദേശിയുടെ കൂടെയുള്ള ജോലി വിദേശനാടുകളിലെ കുതിരയോട്ട ട്രാക്കുകളിലേക്കെത്തിച്ചു. ഓർമകളുടെ മഴ ചാറുന്ന വിദേശത്തെ നിരവധി ഇടവഴികൾ, കുതിരാലയങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ; സംതൃപ്തിയോടെ ജോലിചെയ്ത് അതിലേറെ സന്തോഷത്തോടെയാണ് മടക്കയാത്ര.
താമസിച്ചിരുന്ന ദുബൈ ജുമേരയിലെ വീടിന് വരിക്കശ്ശേരി മന എന്നൊരു വിളിപ്പേരുമുണ്ടായിരുന്നു. അതിനുകാരണം അവധി ദിവസങ്ങളിലെ അവിടത്തെ നിലക്കാത്ത ഗസലുകളായിരുന്നു. സന്ധ്യക്ക് പൊന്നാനിയിലും കോഴിക്കോടും മട്ടാഞ്ചേരിയിലും പോയ നിറഞ്ഞൊരു സംഗീത അനുഭൂതി അവിടെ സദാ തളംകെട്ടിനിന്നിരുന്നു. സംഗീത സംവിധായകൻ, അഭിനേതാവ്, സാമൂഹിക പ്രവർത്തകൻ, സിനിമ നിർമാതാവ്, സാഹിത്യകാരൻ തുടങ്ങി നിരവധി വേഷങ്ങൾ. സംഗീതം ചെയ്ത പാട്ടുകൾ പാടിയവരൊക്കെ പുലികൾ തന്നെ. എം. ജയചന്ദ്രൻ, ജി. വേണുഗോപാൽ, കണ്ണൂർ ഷരീഫ്, അഫ്സൽ, ഉമ്പായി, വിധു പ്രതാപ്, എടപ്പാൾ വിശ്വനാഥ്, രഹന, സക്കീർ സരിഗ, ജ്യോത്സന തുടങ്ങിയവരായിരുന്നു ഗായകർ. ഉമ്പായി പാടിയ പോയ കിനാവിലെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിരവധി ആൽബങ്ങൾക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി. കുഞ്ചാക്കോ ബോബൻ നായകനായ ഒരിടത്തൊരു പോസ്റ്റുമാൻ എന്ന സിനിമയുടെ നിർമാതാവിന്റെ വേഷമണിഞ്ഞു. പൂട്ട്, ഹലോ ദുബൈക്കാരൻ, സമീർ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഒരു വാപ്പച്ചിക്കഥ, ഫീമെയിൽ ഫോർ സെയിൽ, മൂർച്ച, ലക്ഷ്മി, സൂറ, കോംഗോ 1959 തുടങ്ങിയ ഹ്രസ്വ സിനിമകളിലും തിളങ്ങി. മഴചാറും ഇടവഴിയിൽ എന്ന ഓർമകളുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. യു.എ.ഇയിലെ പ്രമുഖ കൂട്ടായ്മകളായ സിൽസില, മെഹ്ഫിൽ, പ്രദേശി കൂട്ടായ്മയായ തണ്ണീർപ്പന്തൽ എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, മുഖ്യരക്ഷാധികാരി തുടങ്ങിയ പദവികളിൽ നിന്നാണ് മടക്കയാത്ര. ഭാര്യ: അഡ്വ. ജംഷീല, മക്കൾ: നിഷാൻ മുഹമ്മദ്, നിബിൻ ബഷീർ, ഡോ. നിയാല പർവീൺ. മരുമക്കൾ: റാഹില, ഷഹീജ.
ബഷീർ സിൽസില
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.