ദുബൈ: എമിറേറ്റിലെ മരുഭൂമിയിൽ കൃഷിയുടെയും ടൂറിസത്തിന്റെയും സാധ്യതകൾ സമന്വയിപ്പിച്ച് വൻ പദ്ധതി ഒരുങ്ങുന്നു. സുസ്ഥിര നഗരങ്ങളുടെ നിർമാണത്തിൽ മുന്നിട്ടുനിൽക്കുന്ന യു.ആർ.ബി കമ്പനിയാണ് വമ്പൻ 'അഗ്രിഹബ്' പദ്ധതി പ്രഖ്യാപിച്ചത്.ഭക്ഷ്യസുരക്ഷ, വിനോദം, സാഹസികത എന്നിവ ചേരുന്ന ലോകത്തെ ഏറ്റവും വലിയ 'അഗ്രിടൂറിസം' പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അധികൃതർ അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണ സന്ദർശക കേന്ദ്രമായി ദുബൈയെ പരിവർത്തിപ്പിക്കാൻ കേന്ദ്രം സഹായിക്കുമെന്ന് യു.ആർ.ബി ചീഫ് എക്സിക്യൂട്ടിവ് ബഹരാശ് ബഗേറിയൻ പറഞ്ഞു. സന്ദർശകർക്ക് പുതിയ പരിസ്ഥിതി സൗഹൃദ ഷോപ്പിങ്, ഡൈനിങ്, എജ്യൂടൈൻമെന്റ് അനുഭവം നൽകുന്ന ഇവിടെ പ്രാദേശിക കർഷകരുടെ ഫാമുകളിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിച്ച് വിൽക്കാൻ ഇടമുണ്ടാകും.
ആരോഗ്യവും ക്ഷേമവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആത്യന്തികമായി, ഭാവിയിലെ ഡീകാർബണൈസ്ഡ് ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളുടെ നൂതനമായ ഒരു ബ്ലൂപ്രിന്റായി പ്രവർത്തിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥലത്തിനു വേണ്ടി ആദ്യഘട്ട പഠനങ്ങൾ നടന്നിട്ടുണ്ട്.2024ഓടെ കൃത്യമായ സ്ഥലം നിർണയം പൂർത്തിയാക്കും. 2025ൽ നിർമാണം ആരംഭിച്ച് 2030ഓടെ പൂർത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.