ദുബൈ: കണ്ണീരുണങ്ങാത്ത അഭയാർഥി ക്യാമ്പിലേക്ക് ദുബൈയിൽനിന്ന് കാരുണ്യത്തിൽ പൊതിഞ്ഞൊരു കിക്ക്. അഭയാർഥി കുട്ടികളുടെ കായിക സ്വപ്നങ്ങൾക്ക് നിറംപകരാൻ ഫുട്ബാൾ ബൂട്ടുകൾ ശേഖരിക്കുകയാണ് ദുബൈയിലെ 12ാം ക്ലാസുകാരൻ അഹ്മദ് ഗൻദൂർ. ഉപയോഗിച്ച, എന്നാൽ കേടുപാടുകൾ സംഭവിക്കാത്ത ബൂട്ടുകളാണ് അവന്റെ നേതൃത്വത്തിൽ സ്വരൂപിച്ച് അഭയാർഥി കുട്ടികൾക്കായി അയച്ചു നൽകുന്നത്. ഇതുവരെ 231 ജോടി ബൂട്ടുകൾ അയച്ചു കഴിഞ്ഞു.
ലബനാനിൽനിന്നുള്ള വിദ്യാർഥിയാണ് അഹ്മദ് ഗൻദൂർ. നോഡ് ഏഞ്ചില ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിയായ അവൻ അവധിക്കാലത്ത് നാട്ടിൽ പോയപ്പോൾ കണ്ട ഹൃദയഭേദകമായ കാഴ്ചകളാണ് ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിച്ചത്. അഭയാർഥി ക്യാമ്പിലെ കുഞ്ഞുകൂട്ടുകാർ വന്ന് അഹ്മദിനോട് അവന്റെ ബൂട്ടുകൾ നൽകുമോ എന്ന് ചോദിച്ചു. കൂട്ടുകാർക്കൊപ്പം കളിക്കാൻ ബൂട്ടില്ലെന്ന അവരുടെ വാക്കുകൾ തന്റെ ഹൃദയത്തിൽ പതിച്ചതായി അഹ്മദ് പറയുന്നു. ഇതിന് ശേഷമാണ് ബൂട്ടുകൾ ശേഖരിച്ച് നാട്ടിലേക്ക് അയച്ചുകൊടുക്കാൻ തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളോട് ചോദിച്ച് വാങ്ങുകയായിരുന്നു.
പിന്നീട് സമൂഹമാധ്യമങ്ങൾ വഴി ആവശ്യം ഉന്നയിച്ചു. onekickaway.com എന്ന വെബ്സൈറ്റ് ഇതിനായി തുറന്നു. എത്ര ബൂട്ടുകൾ അയച്ചു എന്ന കൃത്യമായ കണക്ക് ഈ വെബ്സൈറ്റിലുണ്ട്. ബൂട്ടുകൾ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
വെബ്സൈറ്റ് തയാറാക്കിയാൽ ഗുണം ചെയ്യുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, പിതാവിന്റെ പിന്തുണയോടെ തയാറാക്കിയ വെബ്സൈറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 'വൺ കോൾ എവേ' എന്ന ഗാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വൺ കിക്ക് എവേ എന്ന് വെബ്സൈറ്റിന് പേര് നൽകിയത്. കഴിഞ്ഞ ഏപ്രിൽ ഏഴിന് അഹ്മദും ഉമ്മ ഹാനിയ ദാഹറുമൊത്ത് ദുബൈയുടെ വിവിധ ഭാഗങ്ങളിലെത്തി സുഹൃത്തുക്കളിൽനിന്ന് ബൂട്ടുകൾ ശേഖരിച്ചു. നേരത്തേ സ്വരൂപിച്ചുവെച്ച ബൂട്ടുകൾ രണ്ട് മാസം മുമ്പ് നാട്ടിലെത്തിച്ച് കുട്ടികൾക്ക് കൈമാറിയിരുന്നു. കൂടുതൽ ബൂട്ടുകൾ ശേഖരിച്ച് നാട്ടിലെ കൂട്ടുകാർക്ക് അയച്ചുകൊടുക്കാനുള്ള ഓട്ടത്തിലാണ് അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.