ദുബൈ: വ്യോമയാന മേഖലയിലെ സുസ്ഥിര ആശയങ്ങൾ പങ്കുവെച്ച് ലോകത്തെ ഏറ്റവും വലിയ വിമാനത്താവള പ്രദർശനങ്ങളിലൊന്നായ ‘എയർപോർട്ട് ഷോ’ ദുബൈയിൽ പുരോഗമിക്കുന്നു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ ഇത്തവണ 20 രാജ്യങ്ങളിൽനിന്നുള്ള 150 പ്രദർശകർ പങ്കെടുക്കുന്നുണ്ട്.
വേൾഡ്ട്രേഡ് സെൻററിൽ അരങ്ങേറുന്ന പ്രദർശനത്തോടനുബന്ധിച്ച് എയർപോർട്ട് സെക്യൂരിറ്റി മിഡിലീസ്റ്റ്, എയർ ട്രാഫിക് കൺട്രോൾ ഫോറം, ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറം, വിമൻ ഇൻ ഏവിയേഷൻ മിഡിലീസ്റ്റ് വാർഷിക സമ്മേളനം എന്നിവയും അരങ്ങേറുന്നുണ്ട്. എയർപോർട്ട് വ്യവസായം പൂർണ ശക്തിയിൽ തിരിച്ചെത്തുകയും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളർച്ചയുടെ കരുത്ത് തിരിച്ചുപിടിക്കുകയും ചെയ്ത സാഹചര്യമാണുള്ളതെന്ന് ശൈഖ് അഹ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.
എയർപോർട്ട് ഷോയിലെ പവിലിയനുകൾ സന്ദർശിച്ച ശൈഖ് അഹ്മദ് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രദർശനങ്ങൾ വീക്ഷിച്ചു. ചൊവ്വാഴ്ചയും നിരവധി സന്ദർശകരാണ് പ്രദർശനം കാണുന്നതിന് എത്തിച്ചേർന്നത്. യു.എസ്, ഇറ്റലി, ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, തുർക്കി, നെതർലൻഡ്സ്, ചൈന, ബെൽജിയം, കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ആതിഥേയരായ യു.എ.ഇയിൽ നിന്നുമുള്ള പ്രദർശകർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വ്യോമയാന വ്യവസായത്തെ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിന് ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ നൂതന ഉൽപന്നങ്ങളും സാങ്കേതികവിദ്യകളുമാണ് പ്രധാനമായും പ്രദർശിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച പ്രദർശനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.