ഷാർജ: എക്സ്പോ സെന്റർ ഷാർജ സംഘടിപ്പിക്കുന്ന അൽ അസയിൽ എക്സിബിഷന് ഇന്ന് തുടക്കമാകും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ) സഹകരണത്തോടെ ഒക്ടോബർ ഒന്നു വരെ അൽ ദൈദ് എക്സ്പോ സെന്ററിലാണ് എക്സിബിഷൻ നടക്കുന്നത്. കുതിര, ഒട്ടകം, ഫാൽക്കൺ, വേട്ടയാടൽ, കുതിരസവാരി തുടങ്ങിയ കായികപ്രേമികൾക്കുവേണ്ടിയുള്ള എക്സിബിഷനിൽ ഇവയുടെ പരിപാലനം, ബ്രീഡിങ് വിദ്യകൾ, ഉപകരണങ്ങൾ, മൃഗങ്ങൾക്കായുള്ള വാഹനങ്ങൾ, വേട്ടയാടുന്ന മികച്ച ഇനം നായ്ക്കൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഉൽപന്നങ്ങളും അനുബന്ധ സേവനങ്ങളും നൽകുന്ന നിരവധി കമ്പനികളും ബ്രാൻഡുകളും സന്ദർശകർക്ക് നല്ല അനുഭവമായിരിക്കും സമ്മാനിക്കുക.
അറബ് പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി തലമുറകൾക്ക് കൈമാറുന്നതിനുംവേണ്ടിയാണ് രണ്ടാം വർഷവും ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഷാർജ ക്യാമൽ റേസിങ് ക്ലബ് പോലുള്ള പ്രധാനപ്പെട്ട പങ്കാളികൾ ഉൾപ്പെടെ വൈദഗ്ധ്യം നേടിയ നിരവധി ക്ലബുകളും അസോസിയേഷനുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ദിവസവും രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണി മുതൽ രാത്രി 11 മണിവരെയുമാണ് സന്ദർശക സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.