ദുബൈ: അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ പ്രതിനിധി സംഘം വിലയിരുത്തി. അസോസിയേഷൻ ചെയർവുമൺ ശൈഖ നജ്ല അൽ ഖാസിമിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെത്തിയ സംഘത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു.
താമസ നിയമ ലംഘകരുടെ വിസ രേഖകൾ ശരിയാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ അനുകരണീയമാണെന്ന് എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ വ്യക്തമാക്കി. ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന പേരിൽ ആരംഭിച്ച പൊതുമാപ്പ് സംരംഭത്തിന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്റ്റർ സംഘത്തിന് വിശദീകരിച്ചു നൽകി.
സെപ്റ്റംബർ ഒന്നു മുതൽ ആരംഭിച്ച പൊതുമാപ്പ് വിസ നിയമലംഘകർക്ക് വിസ രേഖകൾ നിയമവിധേയമാക്കാൻ അവസരം നൽകുന്നതുപോലെ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുവെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
പൊതുമാപ്പ് പദ്ധതി, വിസ നിയമലംഘകർക്ക് പുതുവഴികൾ തുറക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയർത്താൻ സഹായകമാകുന്നുവെന്ന് അസോസിയേഷൻ ചെയർവുമൺ ശൈഖ നജ്ല അൽ ഖാസിമി പറഞ്ഞു.
യു.എ.ഇയുടെ മനുഷ്യാവകാശ പ്രോത്സാഹന നടപടികൾ പ്രാദേശികതലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമാണെന്ന് എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണത്തിനായി യു.എ.ഇ സ്വീകരിച്ച നിലപാടുകൾ ഉചിതമായ മാതൃകയാണെന്നും പ്രതിനിധി സംഘം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.