ദുബൈ: ജല സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുമായി രാജ്യത്ത് കൂടുതൽ അണക്കെട്ടുകളും ജലകനാലുകളും നിർമിക്കാൻ നിർദേശം നൽകി പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രസിഡന്‍റിന്‍റെ സംരംഭങ്ങൾക്കായുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അണക്കെട്ട്, ജല കനാൽ പദ്ധതിക്ക് അംഗീകാരം നൽകിയതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 13 റെസിഡൻഷ്യൽ ഏരിയകളിലായി ഒമ്പത് പുതിയ അണക്കെട്ടുകളാണ് നിർമിക്കുന്നത്.
കൂടാതെ നിലവിലുള്ള രണ്ട് അണക്കെട്ടുകൾ വികസിപ്പിക്കുകയും ചെയ്യും. അതോടൊപ്പം ചില ജനവാസ മേഖലകളിലെ മഴവെള്ള നീരൊഴുക്കിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന് ഏകദേശം ഒമ്പത് കിലോമീറ്റർ നീളത്തിൽ ഒമ്പത് ജല കനാലുകളും നിർമിക്കും. 19 മാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി. പുതിയ ഡാമുകളുടെ നിർമാണം പൂർത്തിയാവുന്നതോടെ രാജ്യത്തെ ജലസംഭരണ ശേഷി 80 ലക്ഷം ഘന മീറ്ററായി ഉയരും.
അതോടൊപ്പം കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയുമാണ് ലക്ഷ്യം. ഷാർജയിലെ ഷിസ്, ഖോർഫക്കാൻ, അജ്മാനിലെ മാസ്ഫോട്ട്, റാസൽ ഖൈമയിലെ ഷാം, അൽ ഫഹ്ലീം, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഹെയ്ൽ, ഖിദ്ഫ, മുർബേഹ്, ദാദ്ന, അൽ സീജി, ഫുജൈറയിലെ ഖാസ്മിരി എന്നിവയാണ് 13 റെസിഡൻഷ്യൽ ഏരിയകൾ. ജല സംഭരണികളുടെ ശേഷി വർധിപ്പിക്കാനും ജല അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച യു.എ.ഇ ജല സുരക്ഷ നയം 2036നോട് ചേർന്നു നിൽക്കുന്നതാണ് പദ്ധതിയെന്ന് വാം റിപ്പോർട്ട് ചെയ്തു.
പ്രസിഡന്‍റ് ശൈഖ് മുഹമ്മദിന്‍റെ നിർദേശം അനുസരിച്ച് വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പാക്കുക. പ്രളയത്തിൽനിന്നുള്ള സംരക്ഷണത്തിനായി രൂപകൽപന ചെയ്ത 1,32,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള തടാകം കഴിഞ്ഞ മാർച്ചിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തിരുന്നു. ഖോർഫക്കാൻ സിറ്റിയിൽ നിർമിച്ച അൽ ഹഫീയ തടാകത്തിന് 5,86,735 ഘനമീറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.