ദുബൈ: പെൺവേഷം ധരിച്ച് വെള്ളിയാഴ്ച പള്ളിക്ക് സമീപം ഭിക്ഷ യാചിച്ച അറബ് വംശജനായ യുവാവ് പിടിയിൽ. പർദയും നിഖാബും ധരിച്ചെത്തിയ യുവാവിനെയാണ് ദുബൈ പൊലീസ് പിടികൂടിയത്. സ്ത്രീ വേഷം കെട്ടിയ യുവാവിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് പുരുഷനാണെന്ന് വ്യക്തമായത്.
സ്ത്രീ വേഷം ധരിച്ചാൽ പുരുഷന്മാരെക്കാൾ കൂടുതൽ സഹതാപം ആളുകളിൽനിന്ന് ലഭിക്കുമെന്ന് വിശ്വസിച്ചാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് ദുബൈ പൊലീസിന്റെ സസ്പെക്ടസ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു.
ചാരിറ്റിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളും വഞ്ചനകളും യു.എ.ഇയിൽ ക്രിമിനൽ കുറ്റമായാണ് പരിഗണിക്കുന്നത്. റമദാനിന്റെ തുടക്കത്തിൽ 17 ഭിക്ഷാടകരെ ദുബൈ പൊലീസ് പിടികൂടിയിരുന്നു. 13 പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ദുബൈയിൽ യാചന പിടിക്കപ്പെട്ടാൽ 5000 ദിർഹമാണ് പിഴ.
യാചനക്കായി വ്യക്തികളെ പുറംനാടുകളിൽനിന്ന് കൊണ്ടുവരികയോ സംഘടിതമായി യാചന പ്രോത്സാഹിപ്പിക്കുകയോ ചെയ്താൽ ഒരു ലക്ഷം ദിർഹം പിഴയും ആറുമാസത്തിൽ കുറയാത്ത തടവ് ശിക്ഷയും ലഭിക്കും. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 നമ്പറിലോ പൊലീസ് ഐ സർവിസിലോ അറിയിക്കണമെന്നും അലി സലിം അൽ ശംസി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.