ദുബൈ: വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) ശ്രദ്ധേയ സാന്നിധ്യമായി ഇന്ത്യൻ പവിലിയൻ. ‘ഇൻക്രഡിബിൾ ഇന്ത്യ, വിസിറ്റ് ഇന്ത്യ ഇയർ 2023’ എന്നീ കാമ്പയിനുകളുമായാണ് എ.ടി.എമ്മിൽ ഇന്ത്യ സഞ്ചാരികളെ ക്ഷണിക്കുന്നത്. അറബ് ലോകത്തെ ഇന്ത്യയിലേക്ക് വിനോദസഞ്ചാരത്തിന് ക്ഷണിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് എ.ടി.എമ്മിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റ്റാളുമായി കേരളവും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വൈവിധ്യങ്ങൾ, സംസ്കാരം, വിനോദ സഞ്ചാരം, നിക്ഷേപ സാധ്യതകൾ, വനങ്ങൾ, സാഹസികത, ആഡംബര കേന്ദ്രങ്ങൾ, ഭക്ഷണം തുടങ്ങിയവ പരിചയപ്പെടുത്തുകയാണ് എ.ടി.എമ്മിലെ സാന്നിധ്യത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. കർണാടകയും പുതുച്ചേരിയും പ്രത്യേക സ്റ്റാളുമായി എ.ടി.എമ്മിലുണ്ട്.
ഇന്ത്യയും യു.എ.ഇയും തമ്മിലെ വിനോദ സഞ്ചാരവും അതിനൊപ്പം വ്യാപാരവും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എ.ടി.എമ്മിൽ വിവിധ ബി ടു ബി മീറ്റിങ്ങുകളും കരാർ ഒപ്പുവെക്കലും നടക്കും. ഇന്ത്യൻ പവിലിയനിൽ 65 ടൂറിസം വകുപ്പുകളുടെയും ട്രാവൽ ഏജൻറുമാരുടെയും ഹോട്ടൽ ശൃംഖലകളുടെയും എയർലൈനുകളുടെയും സാന്നിധ്യമുണ്ട്.
മേയ് നാല് വരെ നീണ്ടുനിൽക്കുന്ന എ.ടി.എം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. 100 രാജ്യങ്ങളിലെ 2000ഓളം പ്രദർശകർ അണിനിരക്കുന്നുണ്ട്. ഇതിൽ 100ഓളം പേർ പുതിയ പ്രദർശകരാണ്.
സാങ്കേതികവിദ്യക്ക് ഊന്നൽ നൽകിയാണ് 30ാം എഡിഷൻ അരങ്ങേറുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 80ലധികം ട്രാവൽ ടെക്നോളജി കമ്പനികൾ ഇക്കുറിയുണ്ട്. സാങ്കേതിക മേഖലക്കായി മാത്രം 2000 ചതുരശ്ര മീറ്ററിലധികം പ്രദർശനസ്ഥലം മാറ്റിവെച്ചിട്ടുണ്ട്. പരിസ്ഥിതിസൗഹൃദ യാത്രാപ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ സുസ്ഥിരതാ ഹബും തയാറാക്കി. ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികളെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന മേളയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.