നിക്ഷേപ തട്ടിപ്പ്​ ബ്ലൂചിപ്പ്​ കമ്പനി ഉടമക്കെതിരെ ദുബൈയിൽ അറസ്റ്റ്​ വാറന്റ്​

ഇന്ത്യക്കാരനായ രവീന്ദർ നാഥ്​ സോണിക്കെതിരെയാണ്​ അറസ്റ്റ്​ വാറന്റ്​

ദുബൈ: കോടികളുടെ നിക്ഷേപ തട്ടിപ്പ്​ നടത്തി മുങ്ങിയ ബ്ലൂചിപ്പ്​ കമ്പനി ഉടമയും ഇന്ത്യക്കാരനുമായ രവീന്ദർ നാഥ്​ സോണിക്കെതിരെ ദുബൈ പൊലീസ്​ അറസ്റ്റ്​ വാറന്റ്​ പുറപ്പെടുവിച്ചു. കേസിൽ ഒരു കോടി ദിർഹം നൽകണമെന്ന്​ ദുബൈ ഫസ്റ്റ്​ ഇൻസ്റ്റൻസ്​ കോടതി ജൂൺ മൂന്നിന്​ ഉത്തരവിട്ടിരുന്നു. ഇത്​ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ്​ അറസ്റ്റ്​ വാറന്റ് പുറപ്പെടുവിച്ചത്​. ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പടെ നിരവധി നിക്ഷേപകരില്‍നിന്ന് വന്‍ തുക നിക്ഷേപം സ്വീകരിച്ചശേഷം അപ്രത്യക്ഷനായ ഇയാള്‍ എവിടെയാണെന്ന കാര്യം വ്യക്തമല്ല. ഇയാള്‍ക്കായി ദുബൈ പൊലീസ് തിരച്ചില്‍ തുടരുകയാണ്​. സോണിയെ കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് കമ്പനിയുടെ പി.ആര്‍.ഒ സന്ദീപ് രാജ് അറിയിച്ചതെന്നാണ്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

ബര്‍ദുബൈയിലെ അല്‍ ജവഹര്‍ സെന്‍ററിലായിരുന്നു ബ്ലൂ ചിപ്പ് ഗ്രൂപ്പിന്‍റെ കോര്‍പറേറ്റ് ഓഫിസ്. ഇക്വിറ്റി മാര്‍ക്കറ്റ്, ഗോള്‍ഡ് മൈനിങ്​, ക്രിപ്‌റ്റോ കറന്‍സി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ ഏഴു കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുന്നതായും 700ലധികം ഇടപാടുകാരുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. കുറഞ്ഞത് 10,000 ഡോളര്‍ നിക്ഷേപത്തിന് 18 മാസത്തേക്ക്​ മൂന്ന് ശതമാനം പ്രതിമാസ വരുമാനമായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഇതില്‍ ആകൃഷ്ടരായി ലക്ഷക്കണക്കിന് ഡോളറുകളാണ് നിക്ഷേപകർ കമ്പനിയില്‍ നിക്ഷേപിച്ചത്. ഏതാനും മാസങ്ങള്‍ എല്ലാവര്‍ക്കും പ്രതിമാസ ലാഭം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കമ്പനി നല്‍കിയ ചെക്കുകള്‍ ബൗണ്‍സായിത്തുടങ്ങിയതോടെ ഓഫിസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ കാളുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. തുടര്‍ന്ന് നിക്ഷേപകര്‍ നേരിട്ട് ഓഫിസിലെത്തിയപ്പോഴാണ് കമ്പനി ഉടമയും ജീവനക്കാരും ഓഫിസ് പൂട്ടി സ്ഥലംവിട്ട കാര്യം തിരിച്ചറിയുന്നത്. ഏതാണ്ട്​ പത്ത്​ കോടി ഡോളറിന്‍റെ നിക്ഷേപം കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നാണ്​ അനൗദ്യോഗിക കണക്ക്​.

സമാനമായ മറ്റൊരു തട്ടിപ്പുകേസില്‍ രവീന്ദര്‍ നാഥ് സോണി 2.05 ദശലക്ഷം ദിര്‍ഹം നല്‍കണമെന്ന് ദുബൈ കോടതി ഉത്തരവിട്ടിരുന്നു. നിക്ഷേപകരുടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ 2022ല്‍ സോണി ഇന്ത്യയില്‍ അറസ്റ്റിലായെങ്കിലും ഉത്തർ പ്രദേശിലെ അലീഗഢ്​ കോടതി പിന്നീട്​ ജാമ്യത്തിൽ വിടുകയായിരുന്നു.

Tags:    
News Summary - Arrest warrant issued against investment fraud bluechip company owner in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT