ദുബൈ: വിവിധ ഓപറേഷനുകളിലായി 111 കിലോ ലഹരിമരുന്നുമായി 28 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മൂന്നു സംഘങ്ങളെയാണ് പൊലീസ് പിടികൂടിയത്. 3.2 കോടി ദിർഹം വിലവരുന്ന ലഹരിമരുന്നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. 99 കിലോ കാപ്റ്റഗൺ ഗുളിക, 12 കിലോ ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, കഞ്ചാവ് എന്നിവയടങ്ങുന്നതാണ് ലഹരിമരുന്ന്. മൂന്ന് ഓപറേഷനുകളിലായാണ് മൂന്നു ഗാങ്ങുകളെയും വലയിലാക്കിയത്.
ആദ്യ ഓപറേഷനിലാണ് കാപ്റ്റഗൺ പിടികൂടിയത്. ഇതു മാത്രം 3.1 കോടി രൂപ വിലവരും. മുൻകൂട്ടി തയാറാക്കിയ നീക്കം വഴി മൂന്നു പേരെയാണ് പിടികൂടിയത്. ലഹരിമരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ കുടുങ്ങിയത്. രണ്ടാമത്തെ ഓപറേഷനിൽ ഫോൺ വഴി മയക്കുമരുന്ന് വിൽപനക്ക് ശ്രമിക്കുന്നയാളെ പിടികൂടി.
ഇയാളിൽനിന്ന് 9.7 കിലോഗ്രാം ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. മൂന്നാം ഓപറേഷനിലാണ് 23 പേർ കുടുങ്ങിയത്. സമൂഹമാധ്യമങ്ങൾ വഴി ലഹരിമരുന്ന് വിൽക്കുന്നയാളെ തേടിയിറങ്ങിയപ്പോഴാണ് 23 പേർ വലയിലായത്. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പിടികൂടിയത്. ഹെറോയിൻ, ക്രിസ്റ്റൽ മിത്ത്, ഹഷീഷ് എന്നിവയാണ് ഇവരിൽനിന്ന് പിടിച്ചത്. ലഹരിമരുന്ന് ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിലോ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് എയ്’ സേവനം വഴിയോ വിവരം അറിയിക്കണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.