മലപ്പുറം സ്വദേശി സക്കറിയയുടെ മൃതദേഹത്തിനരികെ അഷ്റഫ് താമരശ്ശേരി

''രാവിലെ സുഹൃത്തുക്കള്‍ കാണുന്നത് പുഞ്ചിരിച്ച് കിടക്കുന്ന സക്കറിയുടെ മയ്യിത്ത്​''

അബൂദബി: മരണത്തെ മുന്നില്‍ കണ്ട്​ അതിന് വേണ്ടി തയാറായി ജീവിക്കുന്നവർ വളരെ വിരളമായിരിക്കും. മരണം എന്ന സത്യം നമ്മളെയും തേടി വരും എന്ന്​ മനസ്സിലാക്കാൻ മടിക്കുന്നവരാണ്​ സഹജീവികളോട് സ്നേഹവും കരുണയും ഇല്ലാതെ പെരുമാറുകയും വെറുപ്പും വിദ്വേഷവും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നവരിൽ അധികവും. എന്നാൽ, അവസാന നിമിഷവും മരണത്തെക്കുറിച്ച്​ സുഹൃത്തുക്കളെ ബോധവത്​കരിച്ച്​ പുഞ്ചിരിച്ച്​ കൊണ്ട്​ മരണത്തെ പുൽകിയ ഒരു പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക്​ അയച്ച അനുഭവം പങ്കുവെക്കുകയാണ്​ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി.

അഷ്​റഫിന്‍റെ ഫേസ്​ബുക്​ പോസ്റ്റ്​:

"നമ്മള്‍ എത്രയോ ഖബറിടങ്ങള്‍, സെമിത്തേരികള്‍, അല്ലെങ്കില്‍ ശ്മശാനങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ എത്രയെത്ര മയ്യിത്തുകള്‍ കണ്ടിരിക്കുന്നു.അപ്പോഴെങ്കിലും ഓര്‍മിച്ചിട്ടുണ്ടോ നാളെ ആ മയ്യിത്തിന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ഖബറില്‍ കിടക്കേണ്ടത് ഞാന്‍ ആണെന്ന്. വളരെ ചുരുക്കം പേര്‍ മാത്രമെ അങ്ങനെ ചിന്തിച്ചു കാണൂ. ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ട നാം എപ്പോഴും ഖബറിനെ പറ്റിയും,മരണത്തെ കുറിച്ചും ബോധവാന്മാരായിരിക്കണം."

ഇതായിരുന്നു മലപ്പുറം സ്വദേശിയായ സക്കറിയ അവസാനമായി സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശം.പിന്നെ രാവിലെ സുഹൃത്തുക്കള്‍ കാണുന്നത് പുഞ്ചിരിച്ച് കൊണ്ട് നിശ്ചലമായി കിടക്കുന്ന സക്കറിയുടെ മയ്യിത്താണ്. മരണത്തെ മുന്നില്‍ കാണുക, അതിന് വേണ്ടി തയ്യാറാകുക അത് വിശ്വാസികള്‍ക്ക് മാത്രമായി ലഭിക്കുന്ന ഭാഗ്യമാണ്.

ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയിലായാരുന്നു സക്കറിയാ ജോലി ചെയ്തിരുന്നത്. രാത്രി ഉറങ്ങാന്‍ കിടന്നു. രാവിലെ സുഹൃത്തുക്കള്‍ ചെന്ന് നോക്കുമ്പോള്‍ നിശ്ചലമായി കിടക്കുന്ന സക്കറിയാണ്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ദീന്‍ മറ്റുളളവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നതില്‍ എപ്പോഴും സമയം കണ്ടെത്തിയ വ്യക്തിയായിരുന്നു സക്കറിയ.

ഇന്ന് സക്കറിയയുടെ മയ്യിത്ത് നാട്ടിലേക്ക് അയച്ചപ്പോള്‍, ഞാന്‍ അറിയാതെ ഓര്‍ത്തുപോയി, ഇന്ന് എത്ര പേരാണ് സക്കറിയായെ പോലെ ജീവിക്കുന്നത്.

മരണത്തെ കുറിച്ച് പോലും ചിന്തിക്കാതെ അഹങ്കാരത്തോടെയും, അഹന്തയോടെയും ജീവിക്കുന്നവര്‍, വെറുപ്പും വിദ്വേഷവും, മനസ്സില്‍ വെച്ച് പെരുമാറുന്നവര്‍, സഹജീവികളോട് സ്നേഹവും,കരുണയും ഇല്ലാതെ ജീവിക്കുന്നവര്‍, പ്രിയപ്പെട്ടവരെ മരണം എന്ന സത്യം നമ്മളെയും തേടി വരും,ഈ ഭൂമിയില്‍ നിന്ന് ഖബര്‍ എന്ന ശാശ്വതമായ ഭവനത്തിലേക്ക് എല്ലാപേരും പോകും, ആയതിനാല്‍ ഇവിടെത്തെ താല്‍ക്കാലിക ജീവിതത്തില്‍ നന്മ ചെയ്ത്. സ്നേഹത്തോടെ ജീവിക്കാന്‍ ശ്രമിക്കുക.

നമുക്ക് ചുറ്റും കാണുന്ന ഓരോ മരണങ്ങളും നമ്മുക്ക് മനസ്സിലാക്കി തരുന്ന നിര്‍ദ്ദേശങ്ങളും പാഠങ്ങളുമാണ്.അല്ലാഹു നമ്മെയെല്ലാപേരെയും അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍

അഷ്റഫ് താമരശ്ശേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT