ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് ടിക്കറ്റെടുക്കുന്നതിന് പുതിയ നിബന്ധന. 28ന് ദുബൈയിൽ നടക്കുന്ന മത്സരത്തിന് ടിക്കറ്റെടുക്കുന്നവർ മറ്റൊരു മത്സരത്തിന്‍റെ ടിക്കറ്റ് കൂടെ എടുക്കേണ്ടി വരും. 'മൾട്ടിപ്ൾ ഡേ' ടിക്കറ്റ് എന്ന ഓപ്ഷനിൽ മാത്രമാണ് നിലവിൽ ടിക്കറ്റ് ലഭിക്കുന്നത്.

നിരക്ക് കുറഞ്ഞ ടിക്കറ്റുകളെല്ലാം ആദ്യ റൗണ്ടിൽ തന്നെ വിറ്റുപോയതിനാൽ 1000 ദിർഹമിന് മുകളിലുള്ള ടിക്കറ്റ് മാത്രമാണ് നിലവിലുള്ളത്.മൂന്നാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങുമ്പോൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

ബുധനാഴ്ചയാണ് രണ്ടാംഘട്ട ടിക്കറ്റ് വിൽപന ആരംഭിച്ചത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വൻ ഡിമാൻഡാണ്.മറ്റ് ടീമുകളുടെ മത്സരങ്ങൾക്ക് 75 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരത്തിന്‍റെ ടിക്കറ്റിനും ഡിമാൻഡുണ്ട്.

മറ്റ് മത്സരങ്ങൾക്ക് കൂടി ഗാലറി നിറക്കുക എന്ന ലക്ഷ്യമിട്ടാണ് മൾട്ടിപ്ൾ ഡേ പാസ് എന്ന പുതിയ നിബന്ധന. ആദ്യഘട്ടത്തിൽ ലഭിച്ച ടിക്കറ്റുകൾ അമിതവിലയീടാക്കി കരിഞ്ചന്തയിൽ വിൽക്കുന്നതായി ആരോപണമുയർന്നിരുന്നു.

ഇതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ടിക്കറ്റുകൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Asia Cup; New conditions for India-Pak match tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.