ദുബൈ: സ്വന്തം നാട്ടിൽ നടക്കുന്ന ഏഷ്യ കപ്പിൽ യു.എ.ഇ ടീം പാഡണിയുമോ ?. രാജ്യം ഉറ്റുനോക്കുന്ന യോഗ്യത മത്സരം ബുധനാഴ്ച രാത്രി എട്ടിന് ഒമാനിൽ നടക്കും. ഹോങ്കോങ്ങിനെതിരായ മത്സരം ജയിച്ചാൽ മാത്രം പോരാ, മറ്റ് ടീമുകളുടെ ഫലംകൂടി ആശ്രയിച്ചായിരിക്കും യു.എ.ഇക്ക് യോഗ്യത ലഭിക്കുക. ടീമുകൾ തുല്യ പോയന്റ് നിലയിൽ എത്താൻ സാധ്യതയുള്ളതിനാൽ റൺറേറ്റായിരിക്കും വിധി നിർണയിക്കുക. ആദ്യമത്സരത്തിൽ കുവൈത്തിനോട് തോറ്റ യു.എ.ഇ രണ്ടാം മത്സരത്തിൽ സിംഗപ്പൂരിനെ തോൽപിച്ചിരുന്നു. നിലവിലെ അവസ്ഥയിൽ ഏറ്റവും കൂടുതൽ റൺറേറ്റുള്ളത് യു.എ.ഇക്കാണ്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കുവൈത്തിനെ ഹോങ്കോങ് തോൽപിച്ചതും യു.എ.ഇക്ക് ഗുണമായി.
ബുധനാഴ്ച രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യമത്സരത്തിൽ കുവൈത്തും സിംഗപ്പൂരും ഏറ്റുമുട്ടും. ഈ മത്സരത്തിൽ കുവൈത്ത് പരാജയപ്പെട്ടാൽ യു.എ.ഇയുടെ വഴി എളുപ്പമാകും. കുവൈത്ത് ചെറിയ റൺറേറ്റിൽ ജയിച്ചാലും യു.എ.ഇയെ ബാധിക്കില്ല. എന്നാൽ, വമ്പൻ മാർജിനിൽ കുവൈത്ത് ജയിച്ചാൽ യു.എ.ഇയെ മറികടന്നേക്കും. അതിനുള്ള സാധ്യത കുറവാണ്.
രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ തോൽപിക്കൽ യു.എ.ഇക്ക് നിർബന്ധമാണ്. നിലവിൽ യു.എ.ഇയേക്കാൾ റൺറേറ്റ് കുറവാണ് ഹോങ്കോങ്ങിന്. അതിനാൽ ഈ മത്സരം ജയിച്ചാൽ യു.എ.ഇക്ക് ഏറക്കുറെ ഏഷ്യകപ്പ് യോഗ്യത ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.