ദുബൈ: ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വീണ്ടും യു.എ.ഇയുടെ മണ്ണിലേക്കെത്തുമ്പോൾ പ്രതീക്ഷയോടെ യു.എ.ഇ ക്രിക്കറ്റ് ടീമും. യോഗ്യതമത്സരം വിജയിച്ച് സ്വന്തം കാണികൾക്കു മുന്നിൽ പാഡണിയാമെന്ന പ്രതീക്ഷയിലാണ് ടീം. ആഗസ്റ്റ് 20 മുതൽ മസ്കത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന യോഗ്യതമത്സരങ്ങളിൽ വിജയിച്ചാൽ ദുബൈയിലും ഷാർജയിലും നടക്കുന്ന മത്സരങ്ങളിൽ യു.എ.ഇ ടീമും ഉണ്ടാകും. ഇന്ത്യയും പാകിസ്താനും അടങ്ങുന്ന ഗ്രൂപ് എയിലായിരിക്കും യോഗ്യത നേടുന്ന ടീം ഇടംപിടിക്കുക. യു.എ.ഇ യോഗ്യത നേടിയാൽ ആഗസ്റ്റ് 31ന് ഇന്ത്യക്കെതിരെയും സെപ്റ്റംബർ രണ്ടിന് പാകിസ്താനെതിരെയും കളിക്കാൻ കഴിയും. ഇന്ത്യക്കെതിരെ ദുബൈയിലും പാകിസ്താനെതിരെ ഷാർജയിലുമാണ് മത്സരം. ആഗസ്റ്റ് 27 മുതലാണ് ഏഷ്യകപ്പ് തുടങ്ങുന്നത്.
ഏഷ്യകപ്പിൽ ആറു ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ അഞ്ചു ടീമുകൾ നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. ഇനിയുള്ള ഒരു സ്ഥാനത്തേക്കാണ് യോഗ്യതമത്സരം നടക്കുന്നത്. ഇതിനായി കാത്തിരിക്കുന്നത് യു.എ.ഇ, കുവൈത്ത്, ഹോങ്കോങ്, സിംഗപ്പൂർ എന്നീ ടീമുകളാണ്. നേരത്തേ നടന്ന പ്രാഥമിക റൗണ്ടുകളിൽ വിജയിച്ചുവന്ന ടീമാണ് ഇവ.
ആഗസ്റ്റ് 20 മുതൽ 24 വരെ ഈ നാലു ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനായിരിക്കും ഏഷ്യകപ്പ് യോഗ്യത ലഭിക്കുക. ആഗസ്റ്റ് 21ന് കുവൈത്തിനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. 22ന് സിംഗപ്പൂരിനെയും 24ന് ഹോങ്കോങ്ങിനെയും നേരിടും. നിലവിലെ ഫോം അനുസരിച്ച് ഏറ്റവുമധികം സാധ്യത കൽപിക്കുന്ന ടീമാണ് യു.എ.ഇ മലയാളിതാരം ബാസിൽ ഹമീദ് ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്. വെസ്റ്റേൺ മേഖലയിലെ ചാമ്പ്യന്മാരാണ് യു.എ.ഇ. കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ടീം കുവൈത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.