ദുബൈ: ഇന്ത്യയടക്കം 17 രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഫെബ്രുവരി 14 മുതൽ 19 വരെ ദുബൈ എക്സ്പോ സിറ്റിയിൽ നടക്കും. ഇന്ത്യൻ താരം പി.വി. സിന്ധു ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരന്ന വാർത്തസമ്മേളന വേദിയിലാണ് ചാമ്പ്യൻഷിപ് പ്രഖ്യാപിച്ചത്.
ദുബൈ സ്പോർട്സ് കൗൺസിലും എമിറേറ്റ്സ് ബാഡ്മിന്റൺ ഫെഡറേഷനും സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യമായാണ് ദുബൈയിൽ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് നടക്കുന്നത്.
ബാഡ്മിന്റണിലെ വമ്പൻ താരനിര അണിനിരക്കുന്ന ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. സെക്കൻഡ് ഗ്രൂപ്പിലാണ് ഇന്ത്യ, യു.എ.ഇ, മലേഷ്യ, കസാഖ്സ്താൻ ടീമുകൾ. ദുബൈയിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ് നറുക്കെടുപ്പ് നടന്നത്. ഇന്ത്യ, യു.എ.ഇ, ചൈന, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, തായ്ലൻഡ്, തയ്വാൻ, സിംഗപ്പൂർ, കസാഖ്സ്താൻ, ബഹ്റൈൻ, ഹോങ്കോങ്, ഉസ്ബകിസ്താൻ, സിറിയ, ലബനാൻ, പാകിസ്താൻ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
പുരുഷ, വനിത വിഭാഗങ്ങളിലായി സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങൾ നടക്കും. ഗ്രൂപ് മത്സരങ്ങൾക്കുശേഷം നോക്കൗട്ട് മത്സരം നടക്കും. വിജയികൾക്ക് വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാം.
ദുബൈ സ്പോർട്സ് കൗൺസിൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന വാർത്തസമ്മേളനത്തിൽ പി.വി. സിന്ധുവിനുപുറമെ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് ഹരബ്, ഇന്റർനാഷനൽ ബാഡ്മിന്റൺ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ജാസിം കെൻസോ, എമിറേറ്റ്സ് ബാഡ്മിൻറൺ ഫെഡറേഷൻ പ്രസിഡന്റ് നൗറ അൽ ജാസ്മി തുടങ്ങിയവർ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിന്റെ ട്രോഫി പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.