അബൂദബി: അന്തരീക്ഷത്തിലെ കാര്‍ബണിനെ പാറയാക്കി മാറ്റുന്ന നവീന പദ്ധതി ഫുജൈറയില്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി പ്രമുഖ ബ്രിട്ടീഷ്-ഒമാനി കമ്പനിയായ 44.01ഉം അബൂദബി ദേശീയ എണ്ണ കമ്പനിയും (അഡ്നോക്) അഡിപെക് വേദിയില്‍ അറിയിച്ചു. പൈലറ്റ് പദ്ധതി വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി.
പദ്ധതി 2023ലാണ് 44.01 ആരംഭിച്ചത്. 100 ദിവസത്തിനുള്ളില്‍ 10 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഫുജൈറയിലെ പാറകളില്‍ വിജയകരമായി ധാതുവത്കരിക്കാന് പൈലറ്റ് പദ്ധതിക്ക് കഴിഞ്ഞിരുന്നു. 300 ടണ്ണിലേറെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പാറകളാക്കി മാറ്റുകയാണ് പദ്ധതിയുടെ അടുത്ത ഘട്ടമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സുസ്ഥിര ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഫുജൈറയിലെ കാര്‍ബണ്‍ പരിവര്‍ത്തന പദ്ധതിയെന്ന് ഫുജൈറ പ്രകൃതിവിഭവ കോര്പറേഷന് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അല്‍ ഖാസിം പറഞ്ഞു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്ന ഇത്തരം നവീന സാങ്കേതിക വിദ്യകള്‍ക്ക് പിന്തുണ നല്കുന്നതില് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഭാവികമായി കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ധാതുവത്കരിക്കാന് ശേഷിയുള്ള പെരിഡോറ്റൈറ്റ് പാറകള്‍ ഫുജൈറയില്‍ ധാരാളമായി ഉള്ളതാണ് പൈലറ്റ് പദ്ധതിക്ക് ഫുജൈറയെ തിരഞ്ഞെടുക്കാന്‍ കാരണമായത്.
പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയതോടെ അടുത്തഘട്ടം അന്തരീക്ഷത്തില്‍ വന്‍തോതിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അതിവേഗം പാറയാക്കി മാറ്റുകയെന്നതാണ്. ഇത് പരിസ്ഥിതി സംരക്ഷണത്തിന് ഏറെ സഹായകമാവുകയും ചെയ്യും. മസ്ദര്‍ ആണ് പൈലറ്റ് പദ്ധതിക്കാവശ്യമായ സൗരോര്‍ജം വിതരണം ചെയ്തിരുന്നത്.
അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുകയും ഇത് കടല്‍വെള്ളത്തില്‍ ലയിപ്പിച്ച ശേഷം ഭൂമിക്കടിയിലെ പെരിഡൈറ്റേറ്റിലേക്ക് കുത്തിവെക്കുകയും അവിടെ ധാതുവത്കരിക്കുകയുമാണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.