അബൂദബി: റമദാനോടനുബന്ധിച്ച് പരിശോധനകൾ ശക്തമാക്കി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ. സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനും ഭക്ഷണം പാഴാക്കുന്നത് തടയുന്നതും ലക്ഷ്യമിട്ടാണ് അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി പരിശോധനക്കും ബോധവൽക്കരണ കാമ്പയിനും തുടക്കം കുറിച്ചത്.
ഭക്ഷ്യശാലകൾ, വിതരണകേന്ദ്രങ്ങൾ, വിതരണക്കാർ, വിൽപനകേന്ദ്രങ്ങൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്കുകടകൾ, റസ്റ്റാറന്റുകൾ, പരമ്പരാഗത അടുക്കളകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തും റമദാൻ കാലത്ത് ഉയർന്ന നിലവാരമുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടപടി.
മാംസ, മത്സ്യ മാർക്കറ്റുകൾ, പഴം-പച്ചക്കറി വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കും. ഭക്ഷണം പാഴാക്കുന്നതിലൂടെയുണ്ടാവുന്ന സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ബോധവൽക്കരണ കാമ്പയിനിൽ പറയുക.
ഭക്ഷണത്തിന്റെ മിതമായ ഉപയോഗത്തെയും ഭക്ഷ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ ബോധവൽക്കരിക്കും. ഭക്ഷണവിതരണസ്ഥാപനങ്ങളിലെ ശുചിത്വം അധികൃതർ ഉറപ്പുവരുത്തും. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപനങ്ങളിലെ തൊഴിലാളികളെയും ഉദ്യോഗസ്ഥർ ബോധവൽക്കരിക്കും.
തൊഴിലാളികൾ കൈയുറ ധരിക്കുകയും തലമറയ്ക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഭക്ഷണം എങ്ങനെ വാങ്ങണം, അവ സൂക്ഷിക്കുന്നതിനും പാചകം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും വിളമ്പി നൽകുന്നതിലുമുള്ള ശരിയായ രീതികൾ എന്നിവയെ കുറിച്ച് മാർഗനിർദേശം നൽകും. റമദാനിൽ ഭക്ഷണം വൻതോതിൽ പാഴാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു ബോധവൽക്കരണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കണമെന്ന് വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.