ദുബൈ: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ നാല് ശതമാനം ഓഹരികൾ കൂടി ഡോ. ആസാദ് മൂപ്പന്‍റെ കുടുംബം സ്വന്തമാക്കി. ഇതോടെ കുടുംബത്തിന്‍റെ ഓഹരി പങ്കാളിത്തം 37.88 ശതമാനത്തിൽനിന്ന് 41.88 ശതമാനത്തിലെത്തി. 460 കോടി രൂപക്കാണ് (207 ദശലക്ഷം ദിര്‍ഹം) ഓഹരികൾ വാങ്ങിയത്.
ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത വന്‍കിട സ്വകാര്യ ഇക്വിറ്റി നിക്ഷേപിത സ്ഥാപനങ്ങളിലൊന്നായ ആസ്റ്ററിന്‍റെ ആകെ മൂല്യം 140 കോടി ഡോളറാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,253 കോടി രൂപ (500 കോടി ദിർഹം) വിറ്റുവരവുള്ള ആസ്റ്ററിന് ഇന്ത്യയിലും ജി.സി.സിയിലുമായി നൂറുകണക്കിന് ആശുപത്രികളും ഫാർമസികളുമുണ്ട്. സ്ഥാപനത്തിന്‍റെ വളര്‍ച്ചയിലുള്ള ആത്മവിശ്വാസവും രോഗികളോടും ജീവനക്കാരോടുമുള്ള പ്രതിബദ്ധതയും കണക്കിലെടുത്താണ് ഓഹരികള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആസ്റ്ററിന്‍റെ പുതിയ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരത്ത് 350 കിടക്കകളുള്ള ആസ്റ്റര്‍ ക്യാപിറ്റല്‍ ഹോസ്പിറ്റല്‍, 200 കിടക്കകളുള്ള ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ആന്ധ്രപ്രദേശില്‍ നാരായണാദ്രി ഹോസ്പിറ്റല്‍, കര്‍ണാടക മാണ്ഡ്യയില്‍ ജി മാദഗൗഡ ഹോസ്പിറ്റല്‍ തുടങ്ങിയ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. ഇതിനകം 239 ആസ്റ്റര്‍ ഫാര്‍മസികളും 177 ലാബ്‌സ് പേഷ്യന്‍റ് എക്‌സ്പീരിയന്‍സ് സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്.
ഒമാനിൽ ആസ്റ്റര്‍ റോയല്‍ ഹോസ്പിറ്റല്‍, ഷാര്‍ജയിൽ 101 കിടക്കകളുള്ള ഹോസ്പിറ്റല്‍, ദുബൈ ഖിസൈസില്‍ 126 കിടക്കകളുള്ള ആശുപത്രി ഏറ്റെടുക്കല്‍ എന്നിവ ഉടന്‍ പ്രാവര്‍ത്തികമാക്കും. ഇതോടെ 15 ആശുപത്രികളും, 113 ക്ലിനിക്കുകളും, 257 ഫാര്‍മസികളുമുള്ള ജി.സി.സിയിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായി ആസ്റ്റര്‍ മാറും.
സൗദി അറേബ്യയില്‍ 250 പുതിയ ആസ്റ്റര്‍ ഫാര്‍മസികള്‍ തുറക്കാനുള്ള പദ്ധതി കമ്പനി ആരംഭിച്ചിട്ടുണ്ട്. ഏഴ് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആസ്റ്ററിന്‍റെ 828 സ്ഥാപനങ്ങളിലായി 29,108 പേര്‍ ജോലി ചെയ്യുന്നതായും പ്രതിവര്‍ഷം 18 ദശലക്ഷത്തിലധികം രോഗികള്‍ക്ക് സേവനം നല്‍കുന്നതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.