ഒത്ത എതിരാളികൾ. രണ്ടും യൂത്തന്മാർ. മണ്ഡലത്തിലെ സുപരിചിത മുഖങ്ങൾ. അതാണ് തൃത്താലയിലെ പോരാട്ടത്തെ പ്രവചനാതീതമാക്കുന്നത്. കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഒന്നാണ് തൃത്താല. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാകാൻ സാധ്യത കുറവ്. വി.ടി. ബൽറാം ഉറപ്പിച്ചിരുന്ന മണ്ഡലമായിരുന്നു തൃത്താല. മണ്ഡലം പിടിച്ചെടുക്കാൻ എം.ബി. രാജേഷ് എത്തിയതോടെ കളം മാറി. പ്രചാരണ വിഡിയോയിലെ സിനിമ സ്റ്റൈലിലുള്ള വരവുപോലെ തന്നെയായിരുന്നു രാജേഷിെൻറ സ്ഥാനാർഥി പ്രഖ്യാപനവും അണികൾ ഏറ്റെടുത്തത്. എം.പി എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസനവും കേരള സർക്കാറിെൻറ അഞ്ച് വർഷത്തെ ഭരണനേട്ടവുമായിരുന്നു രാജേഷ് ചർച്ചക്ക് വെച്ചത്. എം.എൽ.എ എന്നനിലയിൽ പത്ത് വർഷം നടത്തിയ വികസനവും ഇടപെടലുമാണ് ബൽറാമിെൻറ കരുത്ത്. ഇടതുസർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾ ഫേസ്ബുക്ക് വഴി ജനങ്ങളിലേക്കെത്തിക്കുേമ്പാൾ ബൽറാം വെറും 'ഫേസ്ബുക്ക് എം.എൽ.എ' ആണെന്ന് എൽ.ഡി.എഫും ആരോപിക്കുന്നു. രാജേഷിെൻറ ഭാര്യയുടെ യൂനിവേഴ്സിറ്റി നിയമനവും സജീവ ചർച്ചയാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം നിയമസഭയിലും തുടരാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
കുടിവെള്ളം മണ്ഡലത്തിലെ മുഖ്യവിഷയമായിരുന്നു. താൻ ജയിച്ചാൽ ഒരുവർഷം കൊണ്ട് കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നാണ് രാജേഷിെൻറ ഉറപ്പ്. വെള്ളമില്ലാത്ത പൈപ്പിെൻറ ചുവട്ടിൽ നിന്ന് വിഡിയോ ചെയ്ത രാജേഷും അതേ പൈപ്പിൽനിന്ന് വെള്ളം വരുത്തിയ ബൽറാം മാജിക്കുമെല്ലാം ട്രോളന്മാർ നന്നായി ആസ്വദിച്ചു. പേരെടുത്ത് പറയാതെ ഇരു സ്ഥാനാർഥികളും സോഷ്യൽ മീഡിയയിലും പരസ്പരം കുത്തുവാക്കുകൾ എയ്തു. ശങ്കു ടി. ദാസാണ് എൻ.ഡി.എ സാരഥി. അതും യൂത്തൻ. ബി.ജെ.പിക്ക് കരുത്തുള്ള മണ്ഡലമാണെങ്കിലും ബൽറാം Vs രാജേഷ് പോരിനിടയിൽ ശങ്കുവിെൻറ പേര് മുങ്ങിപ്പോയിട്ടുണ്ട്.
തൃത്താല ഇടതിനൊപ്പം നിൽക്കും; ഭൂരിപക്ഷം 10000 കടക്കും
ഇടതുപക്ഷത്തിന് കൃത്യമായ മേൽക്കൈയുള്ള മണ്ഡലമാണ് തൃത്താല. തദ്ദേശ സ്വയംഭരണ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എക്കാലവും വ്യക്തമായ ഭൂരിപക്ഷം എൽ.ഡി.എഫിന് നേടിക്കൊടുക്കുന്നതിലൂടെ തൃത്താലയുടെ രാഷ്ട്രീയം വ്യക്തമാണ്. എം.ബി. രാജേഷിനെ സ്ഥാനാർഥിയായിറക്കിയതിലൂടെ വ്യാജ പ്രചാരണങ്ങളിലൂടെ മണ്ഡലത്തിൽ നിന്ന് നേടിയെടുത്ത ബൽറാമിെൻറ വോട്ടുകളിൽ കാര്യമായ വിള്ളൽ വരുത്താൻ ഇടതുപക്ഷത്തിനായിട്ടുണ്ട്. അഞ്ചു വർഷമായി പുതിയ പദ്ധതികൾ കൊണ്ടുവരാനോ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കാനോ ബൽറാമിന് കഴിഞ്ഞിട്ടില്ല. തൃത്താല കോളജ്, സ്കൂൾ കെട്ടിടങ്ങൾ എന്നിവയുടെ പണി പൂർത്തീകരിക്കാനാവാത്തതും കുടിവെള്ളം പോലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാത്തതും ബൽറാമിെൻറ പോരായ്മയായി വിലയിരുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ പുതുതലമുറ വോട്ടുകൾ, നിഷ്പക്ഷ വോട്ടുകൾ, നായർ, മുസ്ലിം വോട്ടുകൾ എന്നിവ ഇടതുപെട്ടിയിലാണ് ഇക്കുറി വീണത്. ഇടതു ഭരണ മികവ്, പൗരത്വ ബിൽ, മുന്നാക്ക സംവരണം എന്നിവ എം.ബി. രാജേഷിന് ഗുണം ചെയ്യും. എ.കെ.ജി, കെ.ആർ. മീര, ബെന്യാമിൻ തുടങ്ങിയവർക്കെതിരായ ബൽറാമിെൻറ പരാമർശങ്ങൾ വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കി. പാതി മാത്രം പൂർത്തീകരിച്ച കോളജിെൻറ ഫോട്ടോയും കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വിഡിയോക്കുമെതിരെ വോട്ടർമാർതന്നെ മുന്നോട്ടുവന്ന് പ്രതികരിച്ചത് ബൽറാമിന് വലിയ തിരിച്ചടി നൽകി. എൽ.ഡി.എഫ് സർക്കാറിെൻറ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങൾ, ജനക്ഷേമ പ്രവർത്തനം, പെൻഷൻ, നിപ്പ, പ്രളയം, കോവിഡ് പ്രതിരോധം എന്നിവയെല്ലാം തൃത്താലയിൽ എം.ബി രാജേഷിന് പതിനായിരത്തിലേറെ ഭൂരിപക്ഷം സമ്മാനിക്കും.
അൻവർ ഷാഹി (തിരുമിറ്റക്കോട്, തൃത്താല ('ഓർമ' യു.എ.ഇ പ്രസിഡൻറ്)
ബൽറാം 3000 - 7000 വോട്ടിന് വിജയിക്കും
എട്ട് പഞ്ചായത്തുകളടങ്ങിയതാണ് തൃത്താല നിയോജക മണ്ഡലം. 2016ൽ ഒരു പഞ്ചായത്ത് മാത്രം ഭരിച്ചിരുന്ന യു.ഡി.എഫ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകൾ (പട്ടിത്തറ, ചാലിശ്ശേരി, ആനക്കര, പരുതൂർ) പിടിച്ചെടുത്തു. കപ്പൂരിൽ ഒപ്പത്തിനൊപ്പം പിടിക്കാനും കഴിഞ്ഞു. ഈ വോട്ടുകൾ നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിെൻറ പെട്ടിയിൽ വീണിട്ടുണ്ടെന്നാണ് വിശ്വാസം. തദ്ദേശ െതരഞ്ഞെടുപ്പിലെ വോട്ടുനില നിർത്തിയാൽതന്നെ വി.ടി. ബൽറാം 3000 - 7000 വോട്ടിെൻറ വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിക്കും. എം.ബി. രാജേഷിെൻറ ഭാര്യയുടെ യൂനിവേഴ്സിറ്റി നിയമനം, വാളയാർ പീഡന കേസിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഇടപെടൽ തുടങ്ങിയ വിവാദങ്ങൾ ഗൗരവത്തിൽ തന്നെ മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വി.ടി. ബൽറാമിന് മണ്ഡലത്തിലെ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത, വ്യക്തിബന്ധങ്ങൾ എന്നിവയെല്ലാം വോട്ടായി മാറി. ഇത് തകർക്കാൻ പുറത്തുനിന്ന് കെട്ടിയിറക്കിയ ഒരു സ്ഥാനാർഥിക്ക് കഴിയില്ല എന്നാണ് വിശ്വാസം.
രണ്ട് തവണയായി ജയിച്ചു വരുന്ന ബൽറാം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയിട്ടുണ്ട്. കുടിവെള്ള പ്രശ്നം, ഗവണ്മെൻറ് കോളജ് എന്നിവ ഉൾപ്പെടെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണ ഇടത് ഭരിച്ചിരുന്ന പഞ്ചായത്തുകൾ എം.എൽ.എയെ ബഹിഷ്കരിച്ചപ്പോൾ അവിടെ ഉണ്ടായ വികസന മുരടിപ്പുകളും ജനങ്ങൾ മനസ്സിലാക്കി. ഇതെല്ലാം യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്.
ഹൈദർ
തട്ടത്താഴത്ത് കോടനാട്, തൃത്താല (പ്രസിഡൻറ്, ഇൻകാസ് യൂത്ത് വിങ് യു.എ.ഇ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.