കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിലെ മതിലുകളിലേക്ക് കണ്ണോടിച്ചാൽ ആടുതോമയും അറക്കൽ മാധവനുണ്ണിയുമെല്ലാം മീശ പിരിച്ച് യാത്രക്കാരെ തുറിച്ചുനോക്കുന്നത് കാണാം. മലയാള സിനിമയുടെ ചരിത്രവും ഭൂതവും വർത്തമാനവുമെല്ലാം വിളിച്ചുപറയുന്ന ആ ചിത്രങ്ങൾ വരച്ചിട്ടത് പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ ചിത്രകരനാണ്. പേര് ശ്യാം കൃഷ്ണൻ. മൂന്ന് മാസമായി വിസിറ്റിങ് വിസയിൽ ദുബൈയിലുണ്ട് ശ്യാം. കൊച്ചി െമട്രോയുടെ 13 സ്റ്റേഷനുകളിൽ യാത്രക്കാരെ സ്വീകരിക്കുന്ന ചിത്രങ്ങൾ ഡിസൈൻ ചെയ്ത ശ്യാം ദുബൈയിൽ എത്തിയത് നല്ലൊരു ജോലി തേടിയാണെന്നതാണ് ഏറെ സങ്കടകരം.
കൊച്ചിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുേമ്പാഴാണ് ശ്യാം കൃഷ്ണന് മെട്രോയുടെ മതിലുകളിൽ ചിത്രപ്പണി ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. മെട്രോ തുറക്കുന്നതിന് മുൻപ് ചില സ്റ്റേഷനുകൾ ഡിസൈൻ ചെയ്യാനുള്ള ചുമതലായിരുന്നു ശ്യാമിന്. കിട്ടിയ അവസരം മുതലെടുത്ത ശ്യാം എല്ലാവരെയും ഞെട്ടിച്ചു. മെട്രോയുെട പുതിയ സ്റ്റേഷനുകൾ തുറന്നപ്പോൾ പഴയ സ്ഥാപനം വിട്ടെങ്കിലും ഫ്രീലാൻസറായി മൂന്ന് സ്റ്റേഷനുകൾക്ക് കൂടി ചിത്രം പകർന്നു. വൈറ്റില സ്റ്റേഷനിലെ സിനിമ ചരിതമായിരുന്നു ഏറ്റവും ഗംഭീരം.
ഒരു വശത്ത് വടക്കൻ വീരഗാഥയിലെയും പഴശിരാജയിലെയും മമ്മൂട്ടിയുടെ നേതൃത്വത്തിലെ താരങ്ങൾ. മറുവശത്ത് സ്ഫടികത്തിലെയും ദേവാസുരത്തിലെയും മോഹൻലാലും സംഘവും. എല്ലാവരെയും കമ്പ്യൂട്ടർ സ്ക്രീനിൽ ആവാഹിച്ച് ശ്യാം തയാറാക്കിയ വാൾ ഗ്രാഫിക് ഡിസൈനുകൾ ഇപ്പോഴും മെട്രോ സ്റ്റേഷനിൽ കൺകുളിർക്കെ കാണാൻ കഴിയും. പൂക്കൾ നിറഞ്ഞ പാലാരിവട്ടം സ്റ്റേഷൻ, പുഴയൊഴുകുന്ന ആലുവ, കാവിെൻറ കഥ പറയുന്ന അമ്പാട്ടുകാവ് തുടങ്ങിയവയെല്ലാം ശ്യാമിെൻറ കരവിരുതിൽ വിരിഞ്ഞതാണ്.
വ്യക്തികളുടെ ചിത്രങ്ങളും ഉഗ്രനായി വരക്കും. ബാഡ്മിൻറൺ താരം സൈന നെഹ്വാളിനെ വരച്ച് അവർക്ക് അയച്ചുകൊടുത്തിരുന്നു. നരേന്ദ്ര മോദി, മോഹൻലാൽ, തിലകൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരെല്ലാം ശ്യാമിെൻറ പെൻസിൽ തുമ്പിൽ വിരിഞ്ഞു. ഇവരെയൊക്കെ നേരിൽ കണ്ടാൽ ചിത്രങ്ങൾ സമ്മാനമായി നൽകണമെന്നും ആഗ്രഹമുണ്ട്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് വേണ്ടിയും ഗ്രാഫിക്സ് ചെയ്തിരുന്നു. കൊച്ചി സ്മാർട് സിറ്റി, ഇൻഫോ പാർക്, ടെക്നോപാർക് എന്നിവിടങ്ങളിലെ ചില കമ്പനികൾക്ക് വേണ്ടി വാൾ ഗ്രാഫിക്സ് തയാറാക്കി.
പത്തനംതിട്ട സി.െഎ.സി.എം.എസിൽ നിന്ന് മൾട്ടീമീഡിയ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ശ്യാം കൊച്ചിയിൽ ഏഴ് വർഷം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ദുബൈയിൽ ക്രിയേറ്റീവ് അഡ്വർൈടസിങിൽ നല്ലൊരു ജോലിയാണ് അന്വേഷിക്കുന്നത്. ആശാരിപണിക്കാരനായിരുന്ന അഛൻ കൃഷ്ണൻ കുട്ടി ആചാരിക്ക് ഇപ്പോൾ ജോലിയൊന്നുമില്ല. പ്രിൻറിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനുജൻ ശരത് കൃഷ്ണനും അമ്മ ശാരദയുമടങ്ങുന്നതാണ് കുടുംബം. ചുനക്കര കെ.ആർ. രാജെൻറ ശിഷ്യൻ ബോബിൻ ബേബിയാണ് ചിത്രകലാ രംഗത്തെ ഗുരു. അടുത്ത ദിവസം വിസ തീരും. അതിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിലും മറ്റൊരു വിസയെടുത്ത് ദുബൈയിൽ തുടരാനാണ് തീരുമാനം. സുഹൃത്തിനൊപ്പം ദുബൈ കറാമയിലാണ് താമസം.
ഇതിനിടയിൽ മറ്റൊരു സന്തോഷവും ശ്യാമിനെ തേടിയെത്തി. ഫിലിം ഫെസ്റ്റിവൽ ടു ഗോയുടെ (എഫ്.എഫ്.ടി.ജി) രാജ്യാന്തര പുരസ്കാരം. അടുത്തിടെ 'റോബസ്റ്റ' എന്ന ഷോർട് ഫിലിമിന് വേണ്ടി പോസ്റ്റർ ചെയ്തിരുന്നു. ഇതാണ് അവാർഡിന് അർഹനാക്കിയത്. ആദ്യമായി ലഭിച്ച പുരസ്കാരമാണ്. രഞ്ജി ബ്രദേഴ്സ് പ്രൊഡക്ഷൻസിെൻറ ബാനറിൽ ടിറ്റോ പി.തങ്കച്ചൻ സംവിധാനം ചെയ്ത 'റോബസ്റ്റ'യുടെ പോസ്റ്റിൽ കുറേ മനുഷ്യർ ഒരു റോബസ്റ്റ പഴക്കുലയ്ക്ക് വേണ്ടി മത്സരിക്കുന്നതാണ് രസകരമായി ചിത്രീകരിച്ചത്. ഇത് ഹിറ്റായതോടെ മറ്റ് ചില പോസ്റ്റർ ഓഫറുകളും വന്നിട്ടുണ്ട്. 'ചേട്ടൻ' എന്ന ഷോർട്ഫിലിമിെൻറ പോസ്റ്ററാണ് ഒടുവിൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.