ദുബൈ: റെഡ്, ഗ്രീൻ ലൈനുകൾക്ക് പുറമെ ദുബൈ മെട്രോക്ക് ബ്ലൂ ലൈൻ എന്ന പേരിൽ പുതിയ ട്രാക്കിന്റെ നിർമാണം പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). 30 കിലോ മീറ്റർ നീളത്തിൽ നിർമിക്കുന്ന ട്രാക്കിന് 14 സ്റ്റേഷനുകളുണ്ടാകും. നിലവിലുള്ള റെഡ്, ഗ്രീൻ മെട്രോ ലൈനുകളെ പുതിയ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കും. 30 കിലോമീറ്റർ പാതയിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാണ്. 14.5 കിലോമീറ്റർ ട്രാക്ക് ഭൂമിക്ക് മുകളിൽ തൂണുകളിലും മറ്റുമായാണ് നിർമിക്കുക.ആകെയുള്ള 14 സ്റ്റേഷനുകളിൽ ഒരു ഐകണിക് സ്റ്റേഷൻ ഉൾപ്പെടെ ഏഴെണ്ണം എലിവേറ്റഡ് സ്റ്റേഷനുകളായിരിക്കും.
ഒരു ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ അഞ്ചെണ്ണം ഭൂമിക്കടിയിലൂടെയുമാണ്. കൂടാതെ നിലവിലുള്ള റാശിദിയ സെന്റർ പോയന്റുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് എലിവേറ്റഡ് സ്റ്റേഷനും അൽ ജദ്ദാഫിലെ ഗ്രീൻലൈനിന്റെ കിഴക്കൻ ടെർമിനലായ ക്രീക്ക് സ്റ്റേഷനും ഉൾപ്പെടും. നഗരത്തിലെ പുതിയ പാതയുടെ രൂപകൽപനക്കും നിർമാണത്തിനുമായി ആർ.ടി.എ ടെൻഡർ പ്രസിദ്ധപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ദ്രുതഗതിയിലുള്ള നഗരത്തിന്റെ വളർച്ചക്കും സാമ്പത്തിക പുരോഗതിക്കും അനുസരിച്ച് മെട്രോ പാതയുടെ നീളവും വർധിപ്പിക്കുകയാണ് ലക്ഷ്യം. 28 പുതിയ ഡ്രൈവറില്ലാ ട്രെയിനുകളുടെ വിതരണം, 60 ട്രെയിനുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പുതിയ ഡിപ്പോയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം, മറ്റ് പ്രവൃത്തികൾ എന്നിവക്കായാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. അതേസമയം, പദ്ധതിയുടെ റൂട്ട്, ചെലവ്, സമയപരിധി എന്നിവ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 89.3 കിലോമീറ്റർ നീളത്തിലുള്ള ദുബൈ മെട്രോയുടെ ആദ്യ പാത 2009 സെപ്റ്റംബർ ഒമ്പതിനാണ് ആർ.ടി.എ പ്രഖ്യാപിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ രണ്ട് ശതകോടി യാത്രക്കാർ മെട്രോ ഉപയോഗിച്ചുവെന്നാണ് കണക്ക്. നിലവിൽ 129 ട്രെയിനുകളാണ് മെട്രോക്കായി സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.