അബൂദബി: ആറുമാസം മുമ്പ് സിനോഫാം രണ്ടാം ഡോസ് സ്വീകരിച്ചവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അബൂദബി ദുരന്തനിവാരണ സമിതി അറിയിച്ചു. അല്ലാത്തപക്ഷം, സെപ്റ്റംബർ 20നു ശേഷം ഇവർക്ക് അൽ ഹുസ്ൻ ആപിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കില്ല. ഇതോടെ അബൂദബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കില്ല.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ബൂസ്റ്റർ എടുത്തവർ അൽ ഹൊസൻ ആപിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താൻ 30 ദിവസത്തിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ഫലം ഉറപ്പാക്കണം.
അതേസമയം, ഫൈസർ-ബയോ എൻടെക് വാക്സിനോ മറ്റേതെങ്കിലും അംഗീകൃത വാക്സിനുകളോ എടുത്ത താമസക്കാർക്ക് മൂന്നാമത്തെ ഡോസ് ആവശ്യമില്ല. അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ വാക്സിനേഷൻ കേന്ദ്രത്തിൽ മുൻകൂട്ടിയുള്ള അപ്പോയൻറില്ലാതെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാനാകും.
അബൂദബി എമിറേറ്റിൽ മൂന്നു വയസ്സും അതിൽ കൂടുതലും പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വാക്സിൻ നൽകുന്നുണ്ട്.
മൂന്നു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ എടുക്കാം. എന്നാൽ, 12 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഫൈസർ-ബയോഎൻടെക് വാക്സിനും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.