ദുബൈ: ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവെക്കുന്ന ഏറ്റവും വലിയ വേദികളിലൊന്നായ ഗ്ലോബൽ ഹെൽത്ത് എക്സിബിഷനിൽ സൗദി അറേബ്യയുടെ ആരോഗ്യ മേഖലക്ക് കരുത്തേകുന്ന പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്സ്.
സൗദിയിലെ പ്രാഥമിക ആരോഗ്യ മേഖല ശക്തമാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൽകൽമ, ഡേ സർജറി ശൃംഖലയായ ബുർജീൽ വൺ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങി രാജ്യമെമ്പാടും 28 കേന്ദ്രങ്ങൾ തുറന്ന ഫിസിയോതെറാബിയ നെറ്റ്വർക്കിന് പിന്നാലെയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനം.
സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജലുമായുള്ള കൂടിക്കാഴ്ചയിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ചു. രോഗപ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ.
സ്പെഷലൈസ്ഡ് പ്രൈമറി സെന്ററുകൾ, ഹെൽത്ത് റിസ്ക് മാനേജ്മെന്റ് എന്നിവ മൂല്യാധിഷ്ഠിത പരിചരണവുമായി സമന്വയിപ്പിച്ച് അടുത്ത ദശകത്തിനുള്ളിൽ മിഡിൽ ഈസ്റ്റിലെ 30 ദശലക്ഷം രോഗികളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
സൗദിയിലെ ആംബുലേറ്ററി കെയറിനുള്ള പരിഹാരമാണ് ഡേ സർജറി സെന്ററുകളുടെ പ്രത്യേക ശൃംഖലയായ ബുർജീൽ വൺ. ഉയർന്ന നിലവാരമുള്ള ചികിത്സ ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓങ്കോളജി, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി തുടങ്ങിയ പ്രധാന സ്പെഷാലിറ്റികളിലുടനീളം മിനിമലി ഇൻവെയ്സിവ് സർജിക്കൽ രീതികൾ ഈ കേന്ദ്രങ്ങൾ നൽകും.
‘മേക്കിങ് സ്പേസ് ഫോർ ഇന്നൊവേഷൻ’ എന്ന പ്രമേയത്തിൽ ഗ്ലോബൽ ഹെൽത്തിൽ പങ്കെടുക്കുന്ന ബുർജീൽ ഹോൾഡിങ്സിന്റെ ബൂത്തിൽ സഹമന്ത്രിമാരും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ചർച്ചകൾക്കായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.