ഷാർജ: എമിറേറ്റിൽ ബിസിനസ് ലൈസൻസുകൾ പുതുക്കാത്ത കാരണത്താൽ പിഴചുമത്തപ്പെട്ടവർക്ക് അടുത്ത ആഴ്ച മുതൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സർക്കാർ. ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇളവനുവദിക്കാൻ തീരുമാനിച്ചത്. ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ സന്നിഹിതനായിരുന്നു.
പ്രദേശിക ബിസിനസ് സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനമെടുത്തത്. ജൂലൈ 10 മുതൽ നാലുമാസമാണ് ഇളവുണ്ടാവുക. ഈ സമയത്തിനകം പിഴയൊടുക്കി ബിസിനസ് ലൈസൻസ് പുതുക്കാൻ സാധിക്കും. ബിസിനസ് സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. വിപണി സർവേകൾ സംഘടിപ്പിക്കുന്നതിനും ഉൽപന്നങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനും സഹകരണത്തിന് ഷാർജ സാമ്പത്തിക വികസന വകുപ്പും വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണപത്രത്തിന് കൗൺസിൽ യോഗം അംഗീകാരവും നൽകി. രാജ്യത്തെ വിപണിയിൽ എത്തിച്ചേരുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനാണ് ഇരുവിഭാഗവും പ്രധാനമായും ധാരണയിലെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെഡറൽ തലത്തിലും എമിറേറ്റ് തലത്തിലുമുള്ള സംവിധാനങ്ങൾ സഹകരിച്ച് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.