അബൂദബി: ഒട്ടകങ്ങളോട് വലിയ പ്രിയമുള്ളവരാണ് ഇമാറാത്തികൾ. അറബ് പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായ മരുഭൂമിയിലെ കപ്പലുകൾ എന്നറിയപ്പെടുന്ന ഇവയുടെ സൗന്ദര്യത്തിലും വലിയ ശ്രദ്ധ ഉടമകൾ വെച്ചുപുലർത്താറുണ്ട്. അബൂദബി എമിറേറ്റിലെ അൽ ദഫ്ര ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തവണ ഒട്ടക സൗന്ദര്യ മൽസരം ഏർപ്പെടുത്തിയത് ഈ പൈതൃകത്തിന്റെ സംരക്ഷണവും പ്രോൽസാഹനവും ലക്ഷ്യമിട്ടാണ്. ‘മസൈന’ എന്ന പേരിൽ നടക്കുന്ന മൽസരം ഞായറാഴ്ചയാണ് നടക്കുന്നത്. സുവൈഹാനിലാണ് മൽസരത്തിന് അങ്ങൊരുങ്ങുന്നത്.
ഗൾഫ് മേഖലയിൽ കാണപ്പെടുന്ന വിവിധ ഇനങ്ങളിൽ പെട്ട ഒട്ടകങ്ങൾ മൽസരത്തിൽ മാറ്റുരക്കും. അബൂദബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ അബൂദാബി (നവംബർ 11 മുതൽ 18 വരെ), മദീന സായിദ് (ഡിസംബർ 16 മുതൽ 23 വരെ) എന്നിവിടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. അൽ ദഫ്ര ഫെസ്റ്റിവലിന്റെ 17-ാമത് എഡിഷനിൽ പങ്കെടുക്കുന്ന എല്ലാ ഒട്ടക ഇനങ്ങൾക്കുമായി മൊത്തം 361 റൗണ്ടുകൾ മൽസരത്തിലുണ്ട്. ഒട്ടക സൗന്ദര്യമത്സരങ്ങളിലൂടെ ഇമാറാത്തിന്റെയും അറബ് പൈതൃകത്തിന്റെയും നാഗരികവും മാനുഷികവുമായ സന്ദേശം ലോകത്തിന് കൈമാറാനും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.