അബൂദബി: ചെറു അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ഓർമിപ്പിച്ച് അബൂദബി പൊലീസ്. അടുത്തിടെ സംഭവിച്ച മൂന്ന് അപകടങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അബൂദബി പൊലീസിന്റെ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ആദ്യ അപകടത്തില്‍ അഞ്ചുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ വേഗം കുറച്ചുപോവുന്ന വാഹനത്തെ ശ്രദ്ധിക്കാതെ പിന്നില്‍ നിന്ന് അമിത വേഗത്തിലെത്തിയ വാഹനമാണ് കൂട്ടിയിടിക്ക് വഴിവെച്ചത്. ഇതോടെ മുന്നിലുണ്ടായിരുന്ന വാഹനം മറ്റു വാഹനങ്ങളില്‍ ചെന്നിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ഒന്നിന് തീപിടിക്കുകയും ചെയ്തു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് രണ്ടാമത്തെ അപകടം. കാറിന്റെ അമിത വേഗമായിരുന്നു അപകടത്തിന് കാരണം.
മൂന്നാമത്തെ അപകടവും രണ്ട് അപകടങ്ങൾക്കും സമാനമായിരുന്നു. മുന്നില്‍ പോയ വാഹനത്തിലേക്ക് പിന്നില്‍ വന്ന വാഹനം ഇടിച്ചുകയറുകയും ഇരുവാഹനങ്ങളും കത്തുകയുമായിരുന്നു. വാഹനമോടിക്കുമ്പോള്‍ മുഴുവന്‍ സമയവും റോഡില്‍ ശ്രദ്ധവേണമെന്നും വീഴ്ച വരുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നതെന്ന് പൊലീസ് ഓര്‍മപ്പെടുത്തി. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്കി.
ഇത്തരം ഡ്രൈവിങ് ചെയ്യുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും ചുമത്തുമെന്നും പൊലീസ് പറയുന്നു. രാജ്യത്തു നടക്കുന്ന വാഹനാപകടങ്ങളില്‍ 95 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലമാണെന്ന് ആഭ്യന്തര മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗത നിയമ ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ കര്‍ശനമായ നടപടികള്‍ അബൂദബി പൊലീസ് സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.