ദുബൈ: കാർഗോ ഉൽപന്നങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഗ്രൂപ് ഇൻഷുറൻസ് സംവിധാനത്തിന്റെ സാധ്യതകൾ തേടുന്നതായി ഇന്ത്യൻ കാർഗോ ആൻഡ് കൊറിയേഴ്സ് അസോസിയേഷൻ (ഐ.സി.സി.എ) ഭാരവാഹികൾ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഇതു വഴി ചരക്കുകളുടെ സുരക്ഷ ഉറപ്പുവരുത്താനും കുറഞ്ഞ തുകക്ക് സേവനം ലഭ്യമാക്കാനും സാധിക്കും.
അസോസിയേഷന്റെ പ്രഥമ നാഷനൽ കോൺഫറൻസിനോടനുബന്ധിച്ച് ഷാർജയിലെ സഫാരി മാളിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന 84 സ്ഥാപനങ്ങളാണ് അസോസിയേഷനിലെ അംഗങ്ങൾ. മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനം നൽകാൻ അംഗങ്ങളെ പ്രാപ്തരാക്കുക, സേവന നിലവാരം മെച്ചപ്പെടുത്താനുള്ള കർമ പദ്ധതി തയാറാക്കുക, കസ്റ്റംസ് ക്ലിയറൻസ് നടപടികളെ കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കുക, ഷിപ്പിങ് കമ്പനികളുമായി ചേർന്ന് ചെലവ് ചുരുങ്ങിയ മാർഗം കണ്ടെത്തി സേവനം മെച്ചപ്പെടുത്തുക, പരാതികൾ പരിഹരിക്കാൻ ഏകീകൃത സംവിധാനം നടപ്പിലാക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങളെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് നിഷാദ്, മീഡിയ കോഓഡിനേറ്ററും ഉപദേശക സമിതി അംഗവുമായ മുഹമ്മദ് സിയാദ്, സെക്രട്ടറി നൗജാസ്, ഉപദേശക സമിതി അംഗം നവനീത്, ലാൽജി മാത്യു, ഫൈസൽ തയ്യിൽ ഷഹീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഷാർജ സഫാരി മാളിൽ നടന്ന അസോസിയേഷന്റെ പ്രഥമ സമ്മേളനം മച്ചിങ്ങൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഷാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം മുഖ്യാതിഥിയായിരുന്നു. ആധുനിക ബിസിനസ് ലോകത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ റിയാസ് ഹകിം ക്ലാസെടുത്തു. അസോസിയേഷന്റെ ഉപദേശക സമിതി അംഗം മുഹമ്മദ് സിയാദ് സ്വാഗവും സെക്രട്ടറി നൗജാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.