കശുമാവ് നിറയെ പഴുത്ത് പാകമായി നിൽക്കുന്ന, മധുരമൂറുന്ന ചുവന്ന കശുമാങ്ങയും കശുവണ്ടിയും. ഇത് കാണാൻ ഓരോ വർഷവും അബു മഹമൂദിെൻറ തോട്ടത്തിലെത്തുന്നത് സ്വദേശികളും വിദേശികളുമായി നിരവധി പേരാണ്. മരുഭൂമിയിൽ അപൂർവമായി മാത്രം വിളയുന്ന കശുമാവ് ഓരോ വർഷവും മാർച്ച് ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കാൻ പാകമാകും. മലയാളികളിൽ പലർക്കും കശുമാങ്ങ പാകമായി നിൽക്കുന്നത് കാണുമ്പോൾ ഗൃഹാതുര ഓർമകളാണ് സമ്മാനിക്കുന്നത്. വർഷത്തിൽ ഒരു സീസണിൽ മാത്രം ഫലം തരുന്നതിനാൽ ലീവിന് നാട്ടിൽ പോകുന്ന പലർക്കും പാകമായ കശുമാങ്ങയും കശുവണ്ടിയും കാണാൻ സാധിക്കാറില്ല.
വർഷങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് കൊണ്ടുവന്ന കശുവണ്ടി മുളപ്പിച്ച് തൈകൾ ഉണ്ടാക്കിയാണ് കശുമാവിൻ കൃഷി തുടങ്ങിയത്. മലയാളികൾക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന പല കാഴ്ചകളും ഇതിന് മുമ്പും മലപ്പുറം, എടപ്പാൾ ചേകന്നൂർ സ്വദേശിയായ അബൂ മഹമൂദ് ഒരുക്കിയിട്ടുണ്ട്.മരുഭൂമിയിലെ നെൽകൃഷിയാണ് അതിൽ പ്രധാനം, വിവിധങ്ങളായ കാർഷിക ഉപകരണങ്ങളുടെ ശേഖരവും വീട്ടിലുണ്ട്. പറ, മുറം, ഉറി, തൊപ്പിക്കുട, വിവിധ തരം മൺപാത്രങ്ങൾ, സ്വർണ്ണം തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്, റാന്തലുകൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടും.
തെങ്ങ്, മാവ്, പ്ലാവ് അത്തി, റുമ്മാൻ, സപ്പോട്ട, ഞാവൽ, മുന്തിരി, കപ്പ, തൊട്ടാവാടി, ഞൊട്ടങ്ങ എന്നിവയൊക്കെ കൊച്ചു തോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കാവശ്യമായ വിത്തുകളും കാർഷിക ഉപകരണങ്ങളും ഓരോ തവണയും നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരാറാണ് ഇദ്ദേഹം. വിത്തുകളും തൈകളും ആവശ്യക്കാർക്ക് സൗജന്യമായി നൽകും. കൃഷിയെയും കാർഷിക ഉപകരണങ്ങളെയും കുറിച്ച് പഠിക്കാൻ പല സ്കൂളിൽ നിന്നും വിദ്യാർഥികൾ തേടി വരാറുണ്ട്. എട്ടുവർഷമായി ഒരു തത്തയും കൂട്ടിനുണ്ട്. 24 വർഷമായി യു.എ.ഇ യിൽ താമസിക്കുന്ന അബൂ മഹമൂദ് അൽഐൻ മനാസ്സിറിലെ പള്ളിയിൽ ഇമാമാണ്. ഭാര്യ ഫാത്തിമയും ഫാദില, അമീന, മഹ്മൂദ്, സായിദ് എന്നീ മക്കളുമാണ് കൃഷിജോലിയിലെ മുഖ്യ സഹായികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.