ദുബൈ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം പ്രവാസികളെയാണ് കൂടുതൽ ബാധിച്ചതെന്നും കേന്ദ്ര സർക്കാർ അടിയന്തരമായി എയർ ഇന്ത്യയുമായി ചർച്ച ചെയ്തു സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പ്രവാസി ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കേരള സർക്കാർ സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം.
വിമാന സർവിസുകൾ റദ്ദാക്കുമ്പോൾ യാത്രക്കാരെ മുൻകൂട്ടി അറിയിക്കുകയും ആവശ്യമായ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ നടപടികൾ കൂടി സ്വീകരിക്കണമെന്നും പ്രവാസി ഇന്ത്യ ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് വിലക്കേർപ്പെടുത്തണം -ഇൻകാസ്
ദുബൈ: മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവാസികളെ ദുരിതത്തിലാക്കിയ എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ തിരിച്ചു ജോലിയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും വ്യോമയാന മേഖലയിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും വേണമെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യാത്രക്കാർക്ക് നഷ്ടങ്ങൾ വരുത്തിയ ജീവനക്കാരുടെ സമരം പ്രവാസി യാത്രക്കാരോടുള്ള അവഹേളനവും ധിക്കാരവുമാണെന്ന് ദുബൈ ഇൻകാസ് ജനറൽ സെക്രട്ടറി ബി.എ. നാസറും പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാർക്ക് ഇതുമൂലമുണ്ടായ ദുരിതത്തിന് നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാകണമെന്നും ഇൻകാസ് വ്യോമയാന മന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഭരണകൂടം ഉണ്ടാക്കിയ പ്രതിസന്ധി -കെ.എം.സി.സി
ദുബൈ: പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി സ്വകാര്യ കുത്തകകൾക്ക് വിറ്റഴിച്ച ഭരണകൂടം ഉണ്ടാക്കിയ പ്രതിസന്ധിയാണിതെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു.
വിമാനദുരിതം എന്നാണ് ഈ അവസ്ഥയെ ഞാൻ വിശേഷിപ്പിക്കുക. മുന്നറിയിപ്പില്ലാതെ നൂറുകണക്കിന് വിമാനങ്ങൾ യാത്ര മുടക്കിയാൽ എത്ര ആയിരം ആളുകളാണ് പ്രതിസന്ധിയിൽ ആവുക. നാട്ടിൽ വിവാഹങ്ങൾ ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പല സ്വകാര്യ ആവശ്യങ്ങൾക്കും എത്തേണ്ട പ്രവാസികളാണ് പെരുവഴിയിലായത് -അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മുന്നറിയിപ്പില്ലാതെ നടന്ന എയർ ഇന്ത്യ എക്സ്പ്രസ് സമരം ഗൾഫ് മേഖലയിലെ യാത്രക്കാരെ വളരെ പ്രയാസപ്പെടുത്തിയെന്നും സംഭവത്തിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുകയും ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇൻചാർജ് ഇബ്രാഹിം മുറിച്ചാണ്ടി ആവശ്യപ്പെട്ടു.
തികച്ചും നിരുത്തരവാദപരമായ സമീപനത്തിലൂടെ പ്രവാസികളെ പ്രയാസപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ ദുബൈ കെ.എം.സി.സി പ്രതിഷേധം അധികാരികളെ അറിയിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.