ദുബൈ: യു.എ.ഇയിൽ ശൈത്യകാലത്തിന് ഡിസംബർ 21 മുതൽ ഔദ്യോഗികമായി തുടക്കമായി. മാർച്ച് രണ്ടാം വാരം വരെ ശൈത്യകാലം നീണ്ടുനിൽക്കും. ശൈത്യകാലം തുടങ്ങിയതോടെ അടുത്ത ദിവസങ്ങളിൽ ദുബൈ ഉൾപ്പെടെ കിഴക്ക്, വടക്ക് മേഖലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ക്രിസ്മസ് ദിനത്തിൽ തുടങ്ങുന്ന മഴ ശനിയാഴ്ച വരെ നീണ്ടുനിൽക്കാനാണ് സാധ്യത.
അതേസമയം, തിങ്കളാഴ്ച അബൂദബി ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ ശക്തമായ മഴ രേഖപ്പെടുത്തി. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ തെക്കുകിഴക്ക് ഭാഗത്തുനിന്നുള്ള ഉപരിതല ന്യൂനമർദം രൂപപ്പെടുന്നതിനെ തുടർന്നാണ് ശക്തമായ മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ വിദഗ്ധൻ ഡോ. അഹ്മദ് ഹദീബ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അറേബ്യൻ കടലിൽ രൂപംകൊണ്ട ന്യൂനമർദം ശനിയാഴ്ച ഉച്ച വരെ നീണ്ടുനിൽക്കും. ഇത് വ്യത്യസ്ത അളവിലുള്ള മഴക്ക് കാരണമാകും. ഡിസംബർ 25 ക്രിസ്മസ് ദിനത്തിലും തൊട്ടടുത്ത ദിവസവും ശക്തമായ മഴ ലഭിക്കും. ഫുജൈറ, റാസൽ ഖൈമയിലെ വടക്കൻ മേഖലകൾ, അബൂദബി, ദുബൈ എന്നിവിടങ്ങളിലാണ് വരുംദിവസങ്ങളിൽ മഴക്ക് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലുടനീളം രാത്രിയിലും പകലിലും അന്തരീക്ഷ താപനിലയിൽ വ്യതിയാനമുണ്ടാവും. ഈ മാസങ്ങളിൽ ശരാശരി താപനില 12 ഡിഗ്രി സെൽഷ്യസും പകൽ സമയങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
മിനിമം താപനില 22നും 27 ഡിഗ്രിക്കും ഇടയിലായിരിക്കും. ഉൾപ്രദേശങ്ങളിൽ ഇത് ആറിനും 12നും ഇടയിലായിരിക്കും. എന്നാൽ, തീരപ്രദേശങ്ങളിൽ താപനില അൽപം ഉയർന്നിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.