ദുബൈ: എമിറേറ്റിലെ വിവിധ ബസ് സർവിസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). യാത്രക്കാരുടെ ദൈനംദിന സഞ്ചാരം കൂടുതൽ എളുപ്പമാക്കാനും തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അധികൃതർ വാത്തക്കുറിപ്പിൽ അറിയിച്ചു. ചില ബസ് റൂട്ടുകളുടെ പേര്, ഘടന എന്നിവയുടെ മാറ്റവും പരിഷ്കരണത്തിൽ ഉൾപ്പെടും. പുതിയ മാറ്റം തിങ്കളാഴ്ച മുതൽ നിലവിൽവരും.
നിലവിലെ റൂട്ട് 11എ എന്നത് റൂട്ട് 16എ, 16ബി എന്നിവയായി മാറ്റിയിട്ടുണ്ട്. 16എ ബസ് ജി.ഡി.ആർ.എഫ്.എ അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ വരെ സഞ്ചരിക്കുന്നതാണ്. 16ബി ഗോൾഡ് സൂഖിൽ നിന്ന് തിരിച്ച് ജി.ഡി.ആർ.എഫ്.എ അൽ അവീർ ബ്രാഞ്ച് വരെയുള്ളതാണ്. സമാനമായി റൂട്ട് 20 എന്നത് റൂട്ട് 20എ, 20ബി എന്നിവയാക്കി മാറ്റിയിട്ടുണ്ട്. 20എ അൽ നഹ്ദ ബസ് സ്റ്റോപ്പിൽനിന്ന് വർസാൻ മൂന്ന് ബസ് സ്റ്റോപ് വരെയുള്ളതാണ്. 20ബി മടക്കയാത്രയുടെ റൂട്ടുമാണ്. റൂട്ട് 367 എന്നത് 36എ, 36ബി എന്നിങ്ങനെയാക്കി. 36എ സിലിക്കോൺ ഒയാസിസ് ഹൈബേ ബസ് സ്റ്റോപ് മുതൽ ഇത്തിസലാത്ത് ബസ് സ്റ്റേഷൻ വരെയുള്ളതാണ്. 36ബി ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ തിരിച്ചു സഞ്ചരിക്കുന്ന റൂട്ടുമാകും.
റൂട്ട് 21 ഇനി ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ സേവനം നൽകില്ല. റൂട്ട് 24 ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ അവസാനിക്കും. റൂട്ട് 53 ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷനിലേക്കു നീട്ടും. റൂട്ട് എഫ്17 ഓൺപാസീവ് മെട്രോ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്നതാക്കുകയും ചെയ്യും. ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ് സൗത്ത് 2ലൂടെ കടന്നുപോകുന്നതിന് എഫ്19എ, എഫ്19ബി റൂട്ടുകൾ ചുരുക്കും. എച്ച് 04 റൂട്ട് ഹത്ത സൂഖിലൂടെ കടന്നുപോവുകയും ചെയ്യും. 10, 21, 27, 83, 88, 95, 32സി, 91എ, എക്സ്28, എകസ് 92, എക്സ് 94 എന്നീ റൂട്ടുകൾക്കായി, മെട്രോ മാക്സ് ബസ് സ്റ്റോപ്പിന്റെ സ്ഥാനം തെക്കോട്ട് സർവിസ് റോഡിലെ മെട്രോ മാക്സ് സ്റ്റോപ് 2 ലേക്ക് മാറ്റിയിട്ടുമുണ്ട്.
റൂട്ടുകൾ 29, 61, 26 എന്നിവയെ സംബന്ധിച്ചിടത്തോളം, ഈ റൂട്ടുകൾ കടന്നുപോകുന്ന മെട്രോ മാക്സ് സ്റ്റോപ്പിന്റെ സ്ഥാനം അൽ ജാഫിലിയ ബസ് സ്റ്റേഷനിലേക്കു മാറ്റി. 5, 15, 21, 24, 28, 31, 34, 44, 50, 51, 53, 61, 64, 95എ, 96, സി04, സി28, ഇ102, എഫ്01, എഫ്15, എഫ്26, എഫ്17, എഫ്19എ, എഫ്19ബി, എഫ്24, എഫ്30, എഫ്31, എഫ്41, എഫ്48, എഫ്53, എഫ്54, എഫ്81, എച്ച്04 എന്നീ റൂട്ടുകളിലും കൂടുതൽ എളുപ്പമാക്കുമെന്ന് ആർ.ടി.എ അറിയിച്ചിട്ടുണ്ട്.
മെട്രോ, ട്രാം, സമുദ്ര ഗതാഗതം എന്നിവയുമായി ബസ് സർവിസുകളെ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. എളുപ്പമുള്ള യാത്രക്ക് വഴിയൊരുങ്ങുന്നതോടെ കൂടുതൽ പേർ ബസുകളെ ആശ്രയിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.