ദുബൈ: ലോകത്തെവിടെയായാലും അമിതാധികാര പ്രവണതക്കും വർഗീയ ഫാഷിസ്റ്റ് അജണ്ടകൾക്കുമെതിരായ നിരന്തരമായ പോരാട്ടമെന്നത് കലാസംസ്കാരിക പ്രവർത്തകരുടെ പ്രാഥമികമായ ഉത്തരവാദിത്തമാണെന്ന് പ്രമുഖ സാഹിത്യകാരൻ ഡോ. പി.കെ. പോക്കർ അഭിപ്രായപ്പെട്ടു.
ഓർമ ദുബൈ സംഘടിപ്പിച്ച ചെറുകാട് അനുസ്മരണ പരിപാടിയിൽ ‘പുരോഗമന സാഹിത്യത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തെ മാറ്റിത്തീർത്ത നവോത്ഥാന മുന്നേറ്റങ്ങൾക്ക് കലാ സാംസ്കാരിക രംഗങ്ങളിൽ പ്രബുദ്ധമായ നേതൃത്വം നൽകിയ മഹാപ്രതിഭയായിരുന്നു ചെറുകാട്.
മണ്ണിൽ പണിയെടുക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥകൾ ആവിഷ്കരിച്ച് അവരുടെ പോരാട്ടങ്ങൾക്ക് ഊർജം പകർന്ന് മാനവ സ്നേഹത്തിന്റെ മഹാസന്ദേശം അദ്ദേഹം അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചുവെന്നും പി.കെ. പോക്കർ പറഞ്ഞു. ചെറുകാട് അനുസ്മരണത്തോടുകൂടി ഈ വർഷത്തെ ഓർമ സെൻട്രൽ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ആശംസകൾ അറിയിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ഓർമ സെൻട്രൽ സാഹിത്യ വിഭാഗം അംഗം ഹാരിസ് വെള്ളയിൽ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ. അപർണ സുബ്രഹ്മണ്യൻ സ്വാഗതവും ഒ.സി സുജിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.