ദുബൈ: മുസ്ലിം സംഘടനകളുമായുള്ള സി.പി.എമ്മിന്റെ ബന്ധം അവസരവാദ പരമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. തങ്ങൾക്ക് വോട്ടു ചെയ്താൽ മതേതരവും അല്ലാത്തപ്പോൾ ഈ സംഘടനകൾ വർഗീയവും ആവും. പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് മുഖ്യമന്ത്രിയെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ രാഷ്ട്രസേവ പുരസ്കാരം ഏറ്റുവാങ്ങാൻ ദുബൈയിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമിയെയും പി.ഡി.പിയെയും സി.പി.എം അവസരത്തിന് അനുസരിച്ച് കൂട്ടുപിടിക്കും. അന്നവർ സി.പി.എമ്മിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ നല്ലവരായിരുന്നു. തിരിച്ചാവുമ്പോൾ അവർ മോശക്കാരായി മാറുന്ന നിലപാടാണ് സി.പി.എമ്മിന്റേത്.
വയനാട്ടിൽ കോൺഗ്രസ് ഭൂരിപക്ഷം കൂടുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പാലക്കാട് ബി.ജെ.പിയാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത്. ആ നിലക്ക് ഇത്തവണ തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി ബി.ജെ.പിയാണ്. ഗത്യന്തരമില്ലാതെ ഇപ്പോൾ നടത്തുന്ന അവസരവാദ നയം ജനം തിരിച്ചറിയും. വേറെ ആളെ കിട്ടാത്തതിനാലാണ് സി.പി.എം പാലക്കാട്ട് സരിനെ സ്ഥാനാർഥിയാക്കിയതെന്നും വേണുഗോപാൽ പരിഹസിച്ചു.
അതേസമയം, മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചർച്ച തുടങ്ങിവെച്ചത് മുഖ്യമന്ത്രിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. മലപ്പുറം ചർച്ചയാക്കിയത് ലീഗല്ല. ലീഗിനെപ്പറ്റി മുഖ്യമന്ത്രി നല്ലത് പറഞ്ഞതിൽ സന്തോഷമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.