മുകളിൽ മണൽ തിളച്ച് മറിയുമ്പോൾ, താഴെ തെളിനീർ ഉറപ്പൊട്ടി ഒഴുകുന്ന ഒരനുഭൂതിയെ കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. നടക്കാത്ത സ്വപ്നമെന്ന് പറഞ്ഞുവെക്കാൻ വരട്ടെ. വേനൽ കാലത്ത് അവീദ് മരുഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ വെയിൽ പൊള്ളിക്കുന്നത് അറിയാം. മണൽക്കാറ്റിെൻറ ചൂളംവിളിക്ക് പോലുമുണ്ട് ആ ചൂട്. അവീദിന്റെ ആഴത്തിലേക്ക് പോകും തോറും ചൂടിനും അന്തരീക്ഷ ഈർപ്പത്തിനും കനം കൂടിവരുമെങ്കിലും കുളിരുള്ള കാഴ്ചകളിലേക്ക് അൽ ഹംദ കിണറുകൾ മാടിവിളിക്കും. 100ഓളം ശുദ്ധജല കിണറുകളാൽ സമ്പന്നമാണ് കുറ്റിച്ചെടികൾ പോലും വളരാൻ കൂട്ടാക്കാത്ത ഈ ചുട്ടുപഴുത്ത മരുഭൂമി.
കാറ്റുവരച്ചിട്ട മണൽ ചിത്രങ്ങൾക്കും സൂര്യൻ കുടഞ്ഞിട്ട തീനാമ്പുകൾക്കും താഴെ ശാന്തമായി കിടക്കുകയായിരുന്നു ഈ ജലസ്രോതസ്. ഭൂഗർഭ ജലസമ്പത്തിന് തെല്ലും പരിക്കേൽപ്പിക്കാത്ത കുഴൽകിണറുകൾ സ്ഥാപിച്ചാണ് വ്യവസായിക ആവശ്യത്തിന് വെള്ളം ശേഖരിക്കുന്നത്. ഈ കിണറുകളിലെ വെള്ളം ഷാർജ സർക്കാറിെൻറ ഉടമസ്ഥതയിലുള്ള കുടിവെള്ള കമ്പനിയായ സുലാൽ ആവശ്യക്കാരിലെത്തിക്കുന്നു. ഈ ഗണത്തിൽപ്പെടുന്ന ആദ്യ കമ്പനിയുമാണിത്. എമിറേറ്റിലെ എല്ലാ ആളുകൾക്കും ശുദ്ധമായ കുടിവെള്ളം നൽകുക എന്ന കാഴ്ചപ്പാടിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് 1995ൽ സുലാൽ ആരംഭിക്കുന്നത്.
ഇനിയും 25 കൊല്ലം എടുത്താലും തീരാത്ത അത്രയും ജലസമ്പത്താണ് ഈ മരുഭൂമിയിലുള്ളതെന്ന് ഗവേഷകർ പറയുന്നു. ബദുവിയൻ സംസ്കാരങ്ങൾ ഏറെ കടന്നു പോയ ഈ പ്രദേശത്ത് ജനവാസം ഇതുവരെ അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.