ദുബൈ: ഏറെ നാളായി ചേർത്തുപിടിച്ചതെന്തോ നഷ്ടപ്പെട്ട പ്രതീതിയാണ് യു.എ.ഇക്ക്. ആറു മാസമായി ദുബൈ എക്സ്പോയുമായി അവർ അത്രമേൽ ഇഴുകിച്ചേർന്നിരുന്നു. എക്സ്പോയിൽ ഒരുതവണയെങ്കിലും കയറിയിറങ്ങാത്തവർ കുറവായിരിക്കും. മഹാനഗരിയിൽ പലകുറി കയറിയിറങ്ങിയവർ തീരെ കുറവല്ലതാനും. എക്സ്പോ അവസാനിച്ചതോടെ വല്ലാത്തൊരു ശൂന്യതയുണ്ടാകുമോ എന്നാശങ്കപ്പെടുന്നവരും കുറവല്ല.
ഒരു വർഷത്തോളമായി യു.എ.ഇയുടെ മുക്കും മൂലയും ഇളക്കി മറിച്ചായിരുന്നു എക്സ്പോയുടെ ചർച്ചകൾ. എക്സ്പോക്കുള്ള അവകാശം നേടിയെടുത്തത് മുതൽ തുടങ്ങിയ തയാറെടുപ്പുകൾ കഴിഞ്ഞവർഷം ഗിയർ മാറ്റി അതിവേഗത്തിലേക്ക് മാറിയിരുന്നു.
2020ൽ കോവിഡ് എത്തിയെങ്കിലും നഷ്ടപ്പെട്ട ഒരു വർഷത്തെ പ്രവർത്തനങ്ങൾ 2021ലെ അതിവേഗത്തിലൂടെ മറികടക്കാൻ ദുബൈക്ക് കഴിഞ്ഞു. കോവിഡ് എത്തിയശേഷം ഗൾഫിന് കിട്ടിയ ബൂസ്റ്റർ ഡോസായിരുന്നു എക്സ്പോ എന്ന് പറയാം. വാണിജ്യ, വ്യവസായ, സാമ്പത്തിക, സാമൂഹിക, കല, കായിക, ശാസ്ത്ര, പാരിസ്ഥിതിക, നയതന്ത്ര, വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലകളിലെല്ലാം കൈയൊപ്പ് പതിപ്പിച്ചു. എല്ലാ മേഖലകളിലും ഉണർവു പകർന്നു. ലോക നേതാക്കൾ ഒഴുകിയെത്തി. സെലിബ്രിറ്റികൾ മിന്നി മാഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. ലോക്ഡൗണിൽനിന്ന് അൺലോക്കിലേക്കുള്ള താക്കോലായി എക്സ്പോ മാറി. യാത്ര വിലക്കുകൾ ഒഴിവാക്കുന്നതിൽ എക്സ്പോ വഹിച്ച പങ്ക് ചെറുതല്ല. നമുക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിച്ച് ലോകത്തിന് മുന്നിൽ ഇമാറാത്തിന്റെ വാതിലുകൾ തുറന്നിട്ടു. ആശങ്കകളെ ചവിട്ടിപ്പുറത്താക്കി ആഘോഷങ്ങളെ സ്വീകരിച്ചായിരുന്നു എക്സ്പോയുടെ പ്രയാണം. കണ്ടവർ വീണ്ടും വീണ്ടും മഹാനഗരിയിലേക്ക് ഒഴുകിയെത്തിയപ്പോൾ സന്ദർശകരുടെ എണ്ണം രണ്ടരക്കോടിയും കവിഞ്ഞു. ഒക്ടോബർ മുതൽ ഡിസ്ട്രിക് 2020 എന്ന നഗരമായി മാറാൻ ഒരുങ്ങുകയാണ് എക്സ്പോ വേദി.
എക്സ്പോ എത്തിയപ്പോൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നത് വ്യവസായ ലോകമായിരുന്നു. ലോക്ഡൗൺ കാലത്ത് ലോക്കിലായിപ്പോയ സംരംഭകർക്ക് സടകുടഞ്ഞെഴുന്നേൽക്കാനുള്ള ഊർജം പകർന്നത് എക്സ്പോയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷക്കണക്കിനാളുകളെ ഇവിടെയെത്തിച്ചു എന്നതാണ് എക്സ്പോ നൽകിയ ഏറ്റവും വലിയ സംഭാവന. മഹാമാരിക്കാലത്ത് രണ്ടര കോടി സന്ദർശകരെ മാർക്കറ്റിലിറക്കി എന്നത് തന്നെയാണ് ഏറ്റവും വലിയ വിജയം. യു.എ.ഇയിലെ ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണത്തിൽ ആറ് മാസത്തിനിടെയുണ്ടായ വർധന നോക്കിയാൽ ഇത് വ്യക്തം. ടാക്സികൾ കിട്ടാനില്ലാത്ത അവസ്ഥയെ തുടർന്ന് കൂടുതൽ ടാക്സികൾ പുറത്തിറക്കി. വിവിധ രാജ്യങ്ങളുമായി അന്താരാഷ്ട്ര വാണിജ്യ കരാറുകൾക്കും എക്സ്പോ വേദിയൊരുക്കി. ടൂറിസം മേഖലയിലേക്ക് ജനങ്ങൾ ഒഴുകിയെത്താൻ എക്സ്പോ വഴിയൊരുക്കി.
കോവിഡ് കാലത്ത് ഇങ്ങനെയൊരു പരിപാടി വിജയിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. വിമാന വാതിലുകൾ അടഞ്ഞുകിടന്നകാലത്ത് 192 രാജ്യങ്ങളുടെ സംഗമം ഒരുക്കുക എന്നത് അസാധ്യമെന്ന് തോന്നിച്ച സമയത്താണ് എക്സ്പോ വിസ്മയമൊരുക്കിയത്. ഒമിക്രോണിൽ പോലും എക്സ്പോ വീണില്ല എന്നത് ശ്രദ്ദേയം. ഒടുവിൽ, മാസ്ക് പോലും ഒഴിവാക്കിയാണ് എക്സ്പോ കൊടിയിറങ്ങിയത്.
എക്സ്പോ എത്തുന്നു എന്ന് കേട്ടപ്പോൾ പലരും കരുതിയിരുന്നത് വാണിജ്യ മേള എന്ന് മാത്രമാണ്. എന്നാൽ, കലാ, കായിക, സാംസ്കാരിക മേഖലകളെ ആഘോഷമാക്കിയാണ് എക്സ്പോ അവസാനിച്ചത്. കളിക്കാൻ മാത്രമല്ല, കളി പഠിപ്പിച്ചും കളിക്കാരെ എത്തിച്ചുമാണ് എക്സ്പോ കായികമേഖലയെ ആഘോഷിച്ചത്. ലോകഫുട്ബാളിലെ വമ്പൻമാരായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, ലവൻഡോവ്സ്കി എന്നിവർ സന്ദർശകരായി. ഇതിഹാസ താരം ഉസൈൻ ബോൾട്ടാണ് എക്സ്പോ റൺ നയിച്ചത്.
ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ കഴിഞ്ഞദിവസം എത്തിയിരുന്നു. ക്ലബ് ലോകകപ്പ് ട്രോഫി പ്രദർശനത്തിനെത്തി. ചെസ് ലോക ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിന് എക്സ്പോ സാക്ഷ്യം വഹിച്ചു. ലോകോത്തര താരങ്ങളായ മാഗ്നസ് കാൾസണും ഇയാൻ നിപ്പോനിയാച്ചിയും ഫൈനലിൽ ഏറ്റുമുട്ടി. യു.എ.ഇ വേൾഡ് ടൂറിന്റെ ദുബൈ മേഖല പോരാട്ടം തുടങ്ങിയതും അവസാനിച്ചതും എക്സ്പോയിലാണ്. എക്സ്പോ റണ്ണിന്റെ മൂന്ന് റൗണ്ടുകളിലായി പതിനായിരങ്ങൾ പങ്കെടുത്തു. കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ക്രിക്കറ്റ്, ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ, വോളിബാൾ, ടെന്നിസ്, ബാഡ്മിന്റൺ തുടങ്ങി എല്ലാ മത്സരങ്ങളും സൗജന്യമായി കളിക്കാൻ വേദിയൊരുക്കി.
എത്രയെത്ര കലാ, സാംസ്കാരിക, സംഗീത മേളകൾക്കാണ് എക്സ്പോ വേദിയൊരുക്കിയത്. തുടക്കം മുതൽ ഒടുക്കം വരെ ജൂബിലി പാർക്കും അൽവസ്ൽ ഡോമും വിശ്രമിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള സിത്താര കൃഷ്ണകുമാർ മുതൽ സമി യൂസുഫും റാഹത്ത് ഫത്തേഹ് അലി ഖാൻ വരെയുള്ള ചെറുതും വലുതുമായ സംഗീതജ്ഞർ എക്സ്പോയുടെ മനംകവർന്നു. ഇവരെ കേൾക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒഴുകിയെത്തി.
എ.ആർ. റഹ്മാൻ എക്സ് പോയുടെ മനം കവർന്നു. ഉദ്ഘാടനത്തിലും സമാപനത്തിലും തിളങ്ങി നിന്നത് അദ്ദേഹത്തിന്റെ ഫിർദൗസ് ഓർക്കസ്ട്രയായിരുന്നു. തിരക്ക് മൂലം പരിപാടിയുടെ മണിക്കൂറുകൾക്ക് മുമ്പേ ജൂബിലി പാർക്കും അൽവസ്ൽ ഡോമുമെല്ലാം അടക്കേണ്ടി വന്നു.
വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികൾ എക്സ്പോയിലെ തെരുവുകളുടെ ഹരമായിരുന്നു. ആഫ്രിക്കൻ നൃത്തങ്ങളും അറേബ്യൻ അയ്യാലയും ബ്രസീലിന്റെ സാംബയുമെല്ലാം തെരുവുകളിൽ നിറഞ്ഞുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.