ഷാർജ: യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും ഒരുപോലെ നെഞ്ചേറ്റുന്ന, അറബ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക-വാണിജ്യ ഉത്സവമായ കമോൺ കേരളയുടെ മൂന്നാം അധ്യായത്തിന് ഷാർജയിൽ തുടക്കമായി. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഉത്സവം ഷാർജ സീപോർട്സ്, കസ്റ്റംസ് വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി രാവിലെ 10.30ന് ഷാർജ ഇന്റർനാഷനൽ എക്സ്പോ സെന്ററിൽ ഉദ്ഘാടനം ചെയ്തു.
സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന യു.എ.ഇക്ക് ഇന്ത്യൻ ജനതയുടെ അഭിവാദ്യ സമർപ്പണമായാണ് ഈ വർഷത്തെ കമോൺ കേരള അണിയിച്ചൊരുക്കിയിട്ടുള്ളത്.
ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഷാർജ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, ഷാർജ എക്സ്പോ സെന്റർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ, ഹോട്ട്പാക്ക് എം.ഡി പി.ബി. അബ്ദുൽ ജബ്ബാർ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി.
മൂന്നു ദിവസം നീളുന്ന മേള കേരളീയ ഉൽപന്നങ്ങൾക്കും സംരംഭങ്ങൾക്കും ഗൾഫ് വിപണിയിൽ ഇടം കണ്ടെത്താൻ ഉതകുന്ന ചർച്ചകൾക്ക് കമോൺ കേരള വേദിയാവും. ബിസിനസ് കോൺക്ലേവ്, പ്രോപർട്ടി എക്സ്പോ, യാത്രാ ഉത്സവം, കുട്ടികളുടെയും കുടുംബങ്ങളുടെയും മത്സരങ്ങൾ, ടേസ്റ്റി ഇന്ത്യ ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.