ദുബൈ: ഈദുൽ അദ്ഹ അവധിയും വാരാന്ത്യ ഒഴിവും ഇത്തവണ ഒരുമിച്ച് വരുന്നതോടെ യു.എ.ഇയിലെ താമസക്കാർക്ക് ആഘോഷത്തിന് ആറുദിനം ലഭിക്കും. ജൂലൈ 19 അറഫ ദിനം മുതൽ 22 വരെയാണ് യു.എ.ഇയിൽ സർക്കാർ അവധിദിനങ്ങളെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. എന്നാൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ ഒഴിവുകൾ കൂടി ചേർന്ന് ഞായറാഴ്ചയാവും മന്ത്രാലയങ്ങളും സ്ഥാപനങ്ങളും തുറക്കുക.
ഇതോടെ ആഘോഷത്തിന് തുടർച്ചയായ ആറുദിവസം ജീവനക്കാർക്കും മറ്റും ലഭിക്കും.ഈവർഷത്തെ ഏറ്റവും നീണ്ട അവധിക്കാലത്ത് മിക്കവരും യു.എ.ഇയിൽതന്നെ ആഘോഷിക്കാനാണ് ഒരുങ്ങുന്നത്. എന്നാൽ, വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഇല്ലാതെ സഞ്ചരിക്കാവുന്ന വിവിധ വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും നിരവധിയാണ്. യാത്രവിലക്ക് നിലവിലുള്ളതിനാൽ നാട്ടിലേക്ക് പോയാൽ തിരിച്ചുവരാൻ കഴിയാത്തതിനാൽ ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാർ ആഘോഷം യു.എ.ഇയിൽ തന്നെയാക്കും.
വളരെ കുറച്ചാളുകൾ മാത്രമാണ് പെരുന്നാൾ അവധി ലക്ഷ്യംവെച്ച് നാട്ടിലേക്ക് മടങ്ങുന്നത്. വാക്സിനേഷൻ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ കഴിഞ്ഞ പെരുന്നാളുകളിൽനിന്ന് വ്യത്യസ്തമായി ആഘോഷ അന്തരീക്ഷം ഇത്തവണ കൂടുതലായിരിക്കുമെന്ന പ്രതീക്ഷയാണ്. എന്നാൽ, കൂടിച്ചേരലുകൾക്കും മറ്റു നിയന്ത്രണങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.