ഷാർജ: ലോകത്തെ ഏതാണ്ട് 200 രാജ്യങ്ങളിലെ പൗരന്മാർ പ്രവാസികളായുള്ള രാജ്യമാണ് യു.എ.ഇ. അതുകൊണ്ടു തന്നെ മറ്റ് എവിടേയും കാണാനാവാത്ത വൈവിധ്യങ്ങൾ യു.എ.ഇയിൽ കാണാനാവും.
ഭക്ഷണ വൈവിധ്യമാണ് അതിൽ പ്രധാനം. തനത് അറബ് രുചികൾക്കൊപ്പം ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ്, ഫിലിപ്പൈൻസ്, കോണ്ടിനന്റൽ, റഷ്യൻ അങ്ങനെ പോകുന്നു ഭക്ഷണ വൈവിധ്യങ്ങൾ. എന്നാൽ, എല്ലാ രുചികളും ഒരിടത്ത് ലഭിക്കുകയെന്നത് പ്രായോഗികമല്ല. ദുബൈയിൽ ലഭിക്കുന്ന ഭക്ഷണം ചിലപ്പോൾ അബൂദബിയിലോ ഷാർജയിലോ ലഭിച്ചുകൊള്ളണമെന്നില്ല. ഇങ്ങനെ പലതരം രുചികൾ ഒരു കുടക്കീഴിൽ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വേദിയൊരുക്കുകയാണ് ‘ഗൾഫ് മാധ്യമം’. ഡിസംബർ 26, 27, 28, 29 തീയതികളിലായി ഷാർജ എക്സ്പോ സെന്ററിലാണ് ‘ഫുഡോ ഫുഡ്’ എന്ന പേരിൽ രുചികളുടെ മേളപ്പെരുക്കം തീർക്കുന്നത്.
മലയാളിയുടെ തനിനാടൻ ഭക്ഷണം മുതൽ ബദുവിയൻ സംസ്കാരത്തിലെ ഇഷ്ടവിഭവങ്ങൾ വരെ സന്ദർശകർക്ക് ഫുഡോ ഫുഡിൽ ആസ്വദിക്കാം. വൈകുന്നേരം മൂന്നു മുതൽ രാത്രി 11 മണിവരെയാണ് സന്ദർശന സമയം. പല രാജ്യങ്ങളിലെ ഭക്ഷണ രുചികളുമായി അമ്പതിലധികം സ്റ്റാളുകളാണ് ഒരുക്കുന്നത്.
ശൈത്യകാലത്തിന്റെ തണുപ്പുള്ള വൈകുന്നേരങ്ങളിൽ ചൂടു പറക്കുന്ന ഭക്ഷണങ്ങൾക്കൊപ്പം വിവിധ കലാസ്വാദനത്തിനും മത്സരങ്ങൾക്കുമുള്ള വേദികൂടിയാണ് ഫുഡോ ഫുഡ്. മേളയുടെ ആദ്യ ദിനമായ വ്യാഴാഴ്ചയാണ് പച്ചക്കറികളിൽ കരവിരുതിലൂടെ കാഴ്ചകൾ വിരിയിക്കുന്ന കാർവിങ് കലാകാരന്മാർക്കുള്ള വെജിറ്റബ്ൾ കാർവിങ് മത്സരം.
രാത്രി ഏഴിനും ഒമ്പതിനുമിടയിൽ നടക്കുന്ന മത്സരത്തിൽ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മിനി സ്റ്റേജിൽ രാത്രി എട്ട് മുതൽ 10 വരെ യു.എ.ഇയിലെ പ്രമുഖ ബാൻഡ് കലാകാരന്മാരുടെ മിന്നും പ്രകടനവും അരങ്ങേറും. രണ്ടാം ദിനമായ വെള്ളിയാഴ്ച ഭക്ഷണ പ്രേമികൾക്ക് ഹരം പകരുന്ന പുട്ട് തീറ്റ മത്സരം നടക്കും.
വൈകീട്ട് അഞ്ചു മുതൽ ആറുമണിവരെയാണ് പുട്ടുതീറ്റ മത്സരം. അന്നേ ദിവസം രാത്രി എട്ട് മുതൽ 10 വരെ ബാൻഡ് പ്രകടനം ആസ്വദിക്കാം. മൂന്നാം ദിനമായ ശനിയാഴ്ച രാത്രി ഏഴിനും എട്ടിനുമിടയിലാണ് കേക്ക് ഡെക്കറേഷൻ. മനോഹരമായി കേക്കുകൾ ഡെക്കറേറ്റ് ചെയ്യാൻ കഴിയുന്നവർക്കുള്ള മികച്ച വേദിയായിരിക്കുമിതെന്നുറപ്പാണ്.
അന്നേ ദിവസം രാത്രി എട്ട് മണിക്കാണ് ജാക്സൺ ആൻഡ് ടീമിന്റെ മ്യൂസിക് ജീൻ സംഗീത പരിപാടി നടക്കുന്നത്. അവസാന ദിനമായ ഞായറാഴ്ചയാണ് മലയാളികൾക്ക് ഏറെ ഹരം പകരുന്ന മത്സരമായ ബിരിയാണി ഗാർണിഷിങ് അരങ്ങേറുക.
വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരത്തിൽ മികച്ച ബിരിയാണി നിർമാതാക്കളെ കണ്ടെത്തും. അന്ന് രാത്രി ഏഴിന് യു.എ.ഇയിലെ പ്രമുഖ മുട്ടിപ്പാട്ട് സംഘത്തിന്റെ പ്രകടനങ്ങൾ ആസ്വാദകർക്ക് നവ്യാനുഭവം പകരുന്നതാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. രജിസ്ട്രേഷനായി 971 52 856 9878 എന്ന നമ്പറിൽ ബന്ധപ്പെടാം. എക്സ്പോ സെന്ററിൽ ഒരുക്കിയിരിക്കുന്ന വിശാലമായ പാർക്കിങ് പൂർണമായും സൗജന്യമാണ്.
അഞ്ച് ദിർഹമാണ് പ്രവേശന ഫീസ്. നാലു ദിനങ്ങളിലായി ജനസാഗരമൊഴുകുന്ന മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു.എ.ഇയിലെ ഫുഡ് സ്റ്റാളുകൾ, ഹോട്ടലുകൾ, ഭക്ഷ്യ വിതരണ ഏജൻസികൾ എന്നിവർക്കായുള്ള രജിസ്ട്രേഷൻ തുടരുകയാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ: 971 55 521 0987.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.