ദുബൈ: ദുബൈ സർക്കാറിന്റെ വിവിധ സേവനങ്ങളിൽ ഉപഭോക്താക്കളുടെ ശരാശരി സംതൃപ്തി 93ശതമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉപഭോക്താക്കളുടെ സേവനങ്ങളിലെ സന്തുഷ്ടി പരിശോധിച്ച ശേഷമാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം 86 ശതമാനമായിരുന്ന സംതൃപ്തി സൂചികയാണ് ഏഴ് പോയൻറ് വർധിച്ച് മുന്നേറ്റം അടയാളപ്പെടുത്തിയതെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമങ്ങൾ വഴി പ്രഖ്യാപിച്ചു.
ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന് കീഴിലെ ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാമാണ് ഉപഭോക്താക്കളുടെ സംതൃപ്തി വിലയിരുത്തി റിപ്പോർട്ട് തയാറാക്കിയത്. ഉപഭോക്തൃസംതൃപ്തി വിലയിരുത്തലിൽ ഏറ്റവും മുന്നിലെത്തിയത് മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റാണ്. 97.7 ശതമാനമാണ് വകുപ്പിൽ ഉപഭോക്താക്കളുടെ സംതൃപ്തി രേഖപ്പെടുത്തിയത്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി-ദീവ (96.7 ശതമാനം), ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്(96.1 ശതമാനം) എന്നിവരും മികവു പുലർത്തി.
ഏറ്റവും മികച്ച സേവനത്തിലൂടെ മുന്നിലെത്തിയ സ്ഥാപനങ്ങളെ ശൈഖ് ഹംദാൻ അഭിനന്ദിച്ചു. ദുബൈ സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ജി.ഡി.ആർ.എഫ്.എ(95.17 ശതമാനം) ഒന്നാമതെത്തി. മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ്(94.91 ശതമാനം), എൻഡോവ്മെന്റ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷൻ-
ഔഖാഫ് ദുബൈ(94.51 ശതമാനം) എന്നിവയാണ് മുന്നിലെത്തിയ മറ്റു വകുപ്പുകൾ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഗവൺമെന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങൾ നടന്നതെന്ന് റിപ്പോർട്ടിലെ മികവ് സ്വാഗതം ചെയ്തുകൊണ്ട് ശൈഖ് ഹംദാൻ പ്രസ്താവിച്ചു. പൊതുസേവനങ്ങളുടെ ആഗോള മാതൃക സൃഷ്ടിക്കാൻ ദുബൈ സർക്കാറിന് സാധിച്ചു. അതിന്റെ ഓരോ നേട്ടങ്ങളും കൂടുതൽ വലിയ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്.
ഉപഭോക്തൃ സന്തോഷനിലവാരം ശരാശരി 93 ശതമാനമായി ഉയർത്താനായതിൽ ദുബൈയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.