അബൂദബി: കേരളത്തിലെ വിമാനത്താവളങ്ങളിലെ പി.സി.ആർ ഫലങ്ങളിൽ പ്രയാസപ്പെട്ട് വീണ്ടും പ്രവാസി. ജോലിതേടി അബൂദബിയിലേക്ക് പുറപ്പെട്ട യുവതിയെയാണ് പി.സി.ആർ ഫലങ്ങളിലെ വൈരുധ്യം വട്ടം ചുറ്റിച്ചത്. കോഴിക്കോട് വിമാനത്താവളത്തിനുള്ളിലെ പി.സി.ആര്‍ പരിശോധനാഫലം രണ്ടുതവണയാണ് മലപ്പുറം മോങ്ങം സ്വദേശിനി റാഷിദക്ക് പോസിറ്റിവായത്. രണ്ടാംതവണ, കോഴിക്കോട് പോസിറ്റിവായതോടെ റാഷിദ കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് ടിക്കറ്റ് എടുക്കുകയും ഫലം നെഗറ്റിവ് ആയതിനെ തുടര്‍ന്ന് അതേദിവസം അബൂദബിയില്‍ എത്തുകയുമായിരുന്നു. ജനുവരി 15നാണ് റാഷിദ ആദ്യം അബൂദബിക്ക് വരാന്‍ കോഴിക്കോട്ട് എയര്‍പോര്‍ട്ടില്‍ എത്തിയത്. 1600 രൂപ മുടക്കി റാപ്പിഡ് ടെസ്റ്റ് എടുത്തപ്പോള്‍ ഫലം പോസിറ്റിവ്. ടിക്കറ്റ് മാറ്റിനല്‍കാമെന്ന എയര്‍ ഇന്ത്യയുടെ ഉറപ്പിന്മേല്‍ റാഷിദ വീട്ടിലേക്ക് മടങ്ങി. എട്ടുദിവസത്തെ ക്വാറന്റീനു ശേഷം ആര്‍.ടി.പി.സി.ആര്‍ ഫലവുമായി 29ന് എയര്‍ ഇന്ത്യയുടെ ഓഫിസിലെത്തുകയും പുതിയ ടിക്കറ്റ് ലഭിക്കുകയും ചെയ്തു.
ഈ ടിക്കറ്റുമായി 29ന് രാത്രി പത്തേകാലിനുള്ള ഫ്ലൈറ്റില്‍ കയറാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തി 1600 രൂപ വീണ്ടും അടച്ച് ടെസ്റ്റ് എടുത്തു. 20 മിനിറ്റിന് ശേഷം വന്ന ഫലം പോസിറ്റിവ്. ഇതോടെ, വിഷമത്തിലായ റാഷിദ അബൂദബിയിലുള്ള സഹോദരൻ ഫസ്‌ലുര്‍ റഹ്മാനെ വിളിച്ചു. ഇദ്ദേഹം 30ന് തന്നെ ഉച്ചക്ക് കൊച്ചിയില്‍നിന്ന് അബൂദബിക്ക് ടിക്കറ്റ് എടുത്തു. നേരത്തെ എടുത്ത ആര്‍.ടി.പി.സി.ആര്‍ റിസല്‍ട്ടിന്റെ സമയപരിധി അവസാനിച്ചിട്ടില്ലാത്തതിനാല്‍ കൊച്ചി എയര്‍പോര്‍ട്ടിനുള്ളില്‍ മറ്റ് തടസ്സങ്ങളുണ്ടായില്ല. ഇവിടെ 2600 രൂപ നല്‍കി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നെഗറ്റിവ് ഫലം ലഭിക്കുകയുമായിരുന്നു. 15 ദിവസത്തെ കഷ്ടപ്പാടിനൊടുവിലാണ് റാഷിദ അബൂദബിയില്‍ എത്തിയത്. സഹോദരിക്ക് കോഴിക്കോട് എയര്‍പോര്‍ട്ടിലുണ്ടായ ദുരനുഭവം ഫസ്‌ലുറഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പരിശോധന നടത്തിയതടക്കം 20,000ല്‍ അധികം രൂപയാണ് നഷ്ടമായത്. കോഴിക്കോട്ട് പോസിറ്റിവായ ഫലം കൊച്ചിയില്‍ എത്തിയപ്പോള്‍ എങ്ങനെ നെഗറ്റിവ് ആയെന്നും അബൂദബി മുസഫ അല്‍ റുമൂസ് ട്രേഡിങ് കമ്പനിയിലെ ഫിനാന്‍സ് മാനേജറായ ഫസ്‌ലുറഹ്മാന്‍ ചോദിക്കുന്നു. പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് റാഷിദ ആവശ്യപ്പെട്ടു. നേരത്തെയും സമാനമായ അനുഭവങ്ങൾ പ്രമുഖരടക്കം പങ്കുവെച്ചിട്ടും വിഷയത്തിൽ നടപടിയൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.