അബൂദബി: യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28ന് മുന്നോടിയായി അബൂദബിയില്‍ ത്രിദിന ടൈംസ് ഹയര്‍ എജുക്കേഷന്‍ മിന യൂനിവേഴ്സിറ്റികളുടെ ഉച്ചകോടി നടക്കും. നവംബര്‍ 13 മുതല്‍ 15വരെ നടക്കുന്ന പരിപാടിയില്‍ മുതിര്‍ന്ന വിദ്യാഭ്യാസ നേതാക്കള്‍ സംസാരിക്കും.
ടൈംസ് ഹയര്‍ എജുക്കേഷനുമായി സഹകരിച്ച് എൻ.വൈ.യു അബൂദബിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. മാറ്റത്തിന്റെ കാലത്തെ കണ്ടുപിടിത്തം എന്നതാണ് ഉച്ചകോടിയുടെ ആശയം. സുസ്ഥിരതയില്‍ യൂനിവേഴ്സിറ്റികളുടെ സംഭാവന, അധ്യാപനത്തില്‍ നിര്‍മിതബുദ്ധിയുടെ പരിണതഫലം, കാലാവസ്ഥ ഉച്ചകോടിയുടെ അജണ്ടയെ പിന്തുണക്കുന്നതില് ഉന്നത വിദ്യാഭ്യാസത്തിന്റെ ദീര്‍ഘകാല നിര്‍ണായക പങ്ക് തുടങ്ങിയ കാര്യങ്ങള്‍ ഉച്ചകോടിയില്‍ ഉയര്‍ത്തിക്കാട്ടും.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന്റെ സാംസ്കാരിക ഉപദേഷ്ടാവും യു.എ.ഇ യൂനിവേഴ്സിറ്റി ചാന്‍സലറുമായ സാകി നുസൈബ, കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റി പ്രസിഡന്റ് അഹമ്മദ് ദല്ലാല്, മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂനിവേഴ്സിറ്റി പ്രസിഡന്റ് എറിക് സിങ് തുടങ്ങി നിരവധി പേര് ഉച്ചകോടിയില്‍ പ്രഭാഷണം നടത്തും.
ഉച്ചകോടിയില്‍ പ്രഥമ ടൈംസ് ഹയര്‍ എജുക്കേഷന്‍ അവാര്‍ഡ് മിന 2023 ജേതാക്കളെ പ്രഖ്യാപിക്കുമെന്ന് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക (മിന)ടൈംസ് ഹയര്‍ എജുക്കേഷന്‍ പ്രസിഡന്റ് നിക് ഡേവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.