ദുബൈ: എമിറേറ്റിലെ വിപണികളിൽ എത്തുന്ന സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ശക്തമായ സംവിധാനം അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. ഐ.എസ്.ഒ/ഐ.ഇ.സി 17025 മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലബോറട്ടറികളിൽ ഉപയോഗിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് എക്സിബിഷനിൽ പങ്കെടുക്കവേയാണ് പുതിയ സാങ്കേതിക വിദ്യകൾ ദുബൈ മുനിസിപ്പാലിറ്റി അവതരിപ്പിച്ചത്.
ഇവന്റിന്റെ പങ്കാളിയെന്ന നിലയിൽ 150 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സൗന്ദര്യ മേഖലയിലെ സംഘടനകളുമായും കമ്പനികളുമായും സഹകരണവും ദുബൈ മുനിസിപ്പാലിറ്റി നടത്തുന്നുണ്ട്. ഒക്ടോബർ 30ന് പ്രദർശനം അവസാനിക്കും.ദുബൈയിലെ കോസ്മറ്റിക് മേഖലയിൽ അടുത്തിടെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2016 മുതൽ ‘മുൻതാജി’ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ഇത്തരം കമ്പനികളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധവാണുള്ളത്. ഇപ്പോൾ അഞ്ച് ലക്ഷത്തിലധികം ഉൽപന്നങ്ങളും 40,000ത്തിനടുത്ത് കയറ്റുമതികളും 5,60,000 ഇറക്കുമതി ഉൽപന്നങ്ങളും പ്രതിവർഷം ദുബൈ തുറമുഖങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.
കൂടാതെ ഏകദേശം 10,000 സ്ഥാപനങ്ങൾ ദുബൈയിൽ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെന്നും ദുബൈ മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജൻസി ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. ദുബൈയുടെ സാമ്പത്തിക വളർച്ചയിലും സുപ്രധാനമായ പങ്കാണ് സൗന്ദര്യവർധക ഉൽപന്ന മേഖല വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.