ദുബൈ: നാട്ടിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന റാപിഡ് കോവിഡ് പരിശോധന ഫലത്തെക്കുറിച്ച് പരാതികൾ വ്യാപകമായിരുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വിമാനത്താവളങ്ങളിൽനിന്ന് രണ്ടുതരം ഫലം ലഭിച്ചതിനെക്കുറിച്ച് വിവരിക്കുകയാണ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി. തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പരിശോധനയിൽ പോസിറ്റിവായതിനെത്തുടർന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹം ഇവിടെ നടത്തിയ പരിശോധനയിൽ നെഗറ്റിവാകുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങിന് ശേഷം പുലർച്ചെ 2.55നുള്ള ഷാർജ വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. നാലു മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തി 2490 രൂപ അടച്ച് റാപിഡ് ടെസ്റ്റ് ചെയ്തപ്പോൾ ഫലം പോസിറ്റിവ്. ഇതോടെ യാത്ര ചെയ്യാൻ കഴിയില്ല എന്ന നിലപാടിലായി അധികൃതർ. 24 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റിവായിരുന്നതിനാൽ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന് അഭ്യർഥിച്ചു. അവർ സമ്മതിച്ചില്ലെന്ന് മാത്രമല്ല, പുറത്തേക്കുള്ള വഴിയും കാണിച്ചു കൊടുത്തു. അപ്പോൾ സമയം രാത്രി 11 മണി. യു.എ.ഇയിൽ എത്തിയാൽ ഉടൻ രണ്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ളതിനാൽ മറുവഴി ആലോചിച്ചു. അങ്ങനെയാണ് നെടുമ്പാശേരി വഴിയുള്ള യാത്ര ആലോചിച്ചത്. തിരുവനന്തപുരത്തു നിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരി എത്തി. രാവിലെ 10.10ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ടിക്കറ്റ്. പുലർച്ച 4.45ന് നെടുമ്പാശ്ശേരിയിൽ എത്തി 2490 രൂപ അടച്ച് റാപിഡ് പി.സി.ആർ പരിശോധന നടത്തി. അരമണിക്കൂർ കഴിഞ്ഞ് ഫലം വന്നപ്പോൾ നെഗറ്റിവ്. ഏഴ് മണിക്കൂർ കൊണ്ട് കോവിഡ് നെഗറ്റിവായത് എന്ത് മാജിക്കാണെന്ന് അഷ്റഫ് താമരശേരി ചോദിക്കുന്നു.
നിരവധി പേരാണ് വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റ് പോസിറ്റിവായതിനെത്തുടർന്ന് മടങ്ങുന്നത്. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റിവാകുന്നവർ മാത്രമാണ് എയർപോർട്ടിലെത്തുന്നത്. എന്നാൽ, ഇവിടെ നെഗറ്റിവാകുന്നത് മൂലം ടിക്കറ്റിെൻറ പണവും ടെസ്റ്റ് ചെയ്ത പണവും ഉൾപ്പെടെ നഷ്ടമാകുന്നു. റാപിഡ് പി.സി.ആർ നിരക്ക് കുറക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാറുകൾ അതിന് മുന്നിൽ കണ്ണടച്ച് നിൽക്കുകയാണ്. ഷാർജ വിമാനത്താവളത്തിൽ നടത്തിയ പരിശോധന ഫലവും നെഗറ്റിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.