അബൂദബിയിൽ സന്ദർശക വിസയിലുള്ളവർക്കും ടൂറിസ്റ്റുകൾക്കും കോവിഡ് വാക്‌സിൻ നൽകുന്നു

അബൂദബി: വിനോദ സഞ്ചാരികൾക്കും കാലാവധി കഴിഞ്ഞ റെസിഡൻസി, എൻട്രി വിസയിൽ ഉള്ളവർക്കും അബൂദബിയിൽ സൗജന്യമായി കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിത്തുടങ്ങിയതായി അബൂദബി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. അബൂദബിയിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ ടൂറിസ്റ്റുകൾക്കും സൗജന്യ കോവിഡ് -19 വാക്‌സിൻ എടുക്കാനാവും.

ഔദ്യഗിക രേഖകളോടെ അബൂദബിയിലുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും കോവിഡ് വാക്‌സിൻ നിർബന്ധമായി. അബൂദബി ഇമിഗ്രേഷനിൽ നിന്നുള്ള വിസ കൈവശമുള്ള സന്ദർശകർക്കു മാത്രമാണ് വാക്‌സിൻ നൽകുന്നതെന്നും മറ്റു എമിറേറ്റുകളിലെ വിസയിലുള്ളവർക്കല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അബൂദബി വിസയിൽ എൻട്രി സ്റ്റാമ്പുള്ള പാസ്പോർട്ട് ഉടമകൾക്കാണ് വാക്‌സിനേഷൻ ലഭിക്കുക. വ്യക്തികൾ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിൽ വിസയുടെ തെളിവ് ഹാജരാക്കണം. സാധുവായ സന്ദർശന വിസയിലുള്ളവർക്കും വിനോദസഞ്ചാരികൾക്കും വാക്‌സിൻ എടുക്കാൻ സെഹ ആപ്പിലൂടെ ബുക്ക് ചെയ്യാമെന്ന് അബൂദബി ഹെൽത്ത് സർവീസസ് കമ്പനിയായ സെഹയുടെ കോൾ സെന്റർ എക്‌സിക്യൂട്ടീവ് അറിയിച്ചു. വിസയിലെ യു.ഐ.ഡി നമ്പർ ഉപയോഗിച്ച് സെഹ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാം.

പാസ്പോർട്ടിൽ ഈ നമ്പർ ലഭിക്കും. അബൂദബിയിൽ ലഭ്യമായ സിനോഫാം, ഫൈസർ വാക്‌സിനുകൾ സന്ദർശന വിസക്കാർക്കും വിനോദസഞ്ചാരികൾക്കും തിരഞ്ഞെടുക്കാം. യു.എ.ഇയിൽ മൂന്നു മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കും സിനോഫാം കോവിഡ് വാക്‌സിൻ പരീക്ഷിക്കാം.

സെഹ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ പ്രാദേശിക ഫോൺ നമ്പർ വേണം. സന്ദർസക വിസയിലുള്ളവർക്കും ടൂറിസ്റ്റുകൾക്കും 80050 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യാം. അബൂദബിയിലെ നൂറിലധികം കേന്ദ്രങ്ങളിൽ ഇപ്പോൾ സിനോഫാം ബൂസ്റ്റർ ഷോട്ടുകൾ ലഭ്യമാണ്. ദേശീയ വാക്‌സിനേഷൻ കാമ്പെയ്‌ന്റെ ഭാഗമായി വാക്‌സിനെടുക്കാൻ യോഗ്യതയുള്ള ജനസംഖ്യയുടെ 87 ശതമാനത്തിലധികംപേരും ഇതിനകം വാക്‌സിൻ സ്വീകരിച്ചു. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം യു.എ.ഇയിൽ 14.5 ദശലക്ഷത്തിലധികംപേർക്ക് കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി.

Tags:    
News Summary - covid Vaccine is given to visitors and tourists in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.