ദുബൈ: ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിലായി ദുബൈ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ നിരവധി കോവിഡ് സുരക്ഷ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ദുബൈയിലെ 53 ഭക്ഷ്യ വിൽപന സ്ഥാപനങ്ങൾ ദുബൈ മുനിസിപ്പാലിറ്റി പൂർണമായും അടച്ചുപൂട്ടിച്ചു. പരിശോധനയിൽ ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ട 1,133 സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പും പരിശോധന സംഘം നൽകിയിട്ടുണ്ട്.
2021െൻറ ആദ്യപാദത്തിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിലായി 13,775 പരിശോധനകൾ നടത്തിയതായും 12,438 ഭക്ഷണ വിൽപന സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ മുൻകരുതൽ പൂർണമായി പാലിക്കുന്നതായും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി സുൽത്താൻ അലി അൽ താഹർ പറഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നതിൽ പലയിടത്തും വീഴ്ച വരുത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോൾ മാസ്കുകളും ൈകയുറകളും പോലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് പ്രധാനമായും കണ്ടെത്തിയത്. പൂർണമായും അണുവിമുക്തമാക്കാത്ത വസ്തുക്കൾ ഉപയോഗിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ശുചിത്വം, അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾ എന്നിവ കർശനമായി ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ ദൈനംദിനമെന്നോണം പരിശോധനകൾ സംഘടിപ്പിക്കും. കൂടാതെ ഭക്ഷ്യവസ്തുക്കൾ, ഭക്ഷണം തയാറാക്കൽ, സംഭരണം, വിൽപന എന്നീ ഘട്ടങ്ങളിൽ ഭക്ഷ്യ സുരക്ഷ നിയമം അനുശാസിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. ഉപഭോക്താക്കളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി മുനിസിപ്പാലിറ്റിയുടെ പരിശോധന സംഘങ്ങൾ നിരവധി പതിവു പരിശോധന സന്ദർശനങ്ങൾ നടത്തുന്നുണ്ടെന്നും നിയമലംഘകർക്ക് പിഴ ചുമത്തുന്നുവെന്നും അൽ താഹർ പറഞ്ഞു. പാചകം, സംഭരണം, വിൽപന എന്നീ നിലകളിൽ കൃത്യമായി നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് റമദാനിൽ പ്രത്യേക പരിശോധന കാമ്പയിനുകൾ തുടരുകയാണ് ദുബൈ മുനിസിപ്പാലിറ്റി.
അജ്മാന്: സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അജ്മാനില്‍ 30 ഭക്ഷണശാലകൾ അധികൃതര്‍ ഇടപെട്ട് അടച്ചു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. കോവിഡ് -19 നിയമങ്ങൾ പാലിക്കാത്തതിന് 139 ഭക്ഷണശാലകൾക്ക് പിഴയും ചുമത്തി.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ നടത്തിയ കർശനമായ പരിശോധനകള്‍ക്കിടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങൾ നഗരസഭ അധികൃതർ അടച്ചുപൂട്ടിയതായി അജ്മാൻ നഗരസഭ, ആസൂത്രണ വകുപ്പ് ആരോഗ്യ പരിസ്ഥിതി വിഭാഗം മേധാവി ഖാലിദ് അൽ ഹുസ്നി പറഞ്ഞു.
മൊത്തത്തിൽ 3,799 ഭക്ഷ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതില്‍ 139 എണ്ണത്തിന് പൊതുജനാരോഗ്യ, സുരക്ഷ നടപടികൾ പാലിക്കാത്തതിന് പിഴ ചുമത്തി. പകർച്ചവ്യാധി തടയുന്നതിനായി വിശുദ്ധ മാസത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അൽ ഹുസ്നി പറഞ്ഞു. റമദാന് പ്രമാണിച്ച് അറവുശാല രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.