ദുബൈ: യു.എ.ഇയിലെ സർക്കാർ ജീവനക്കാരിൽ ചില വിഭാഗത്തിൽപെട്ടവർക്ക് 'വർക് ഫ്രം ഹോമി'ന് അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ആറാം തരത്തിൽ കുറഞ്ഞ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുള്ള മാതാക്കൾ, ദൃഢനിശ്ചയ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾ, ഗുരുതര രോഗികളായ കുട്ടികളുടെ മാതാക്കൾ, ഭാര്യമാർ ആരോഗ്യ വകുപ്പിലോ വിദ്യാഭ്യാസ വകുപ്പിലോ ജീവനക്കാരായവർ എന്നിവർക്കാണ് വിദൂര ജോലിക്ക് അനുമതി നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് പ്രതിബന്ധങ്ങളില്ലെങ്കിൽ ഓഫിസിൽ എത്തിയും ജോലിചെയ്യാൻ അനുമതിയുണ്ട്. ഇതുസംബന്ധിച്ച് ഫെഡറൽ സർക്കാറിന് കീഴിലെ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്.
ഓരോ ഡിപ്പാർട്ട്മെന്റിലെയും ആകെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാകണം ജോലി രീതി സ്വീകരിക്കുന്നതെന്ന് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അബൂദബി അടക്കമുള്ള ചില എമിറേറ്റുകളിൽ രണ്ടാഴ്ചത്തേക്ക് സ്കൂളുകളിൽ നേരിട്ടുള്ള പഠനം ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ ഓൺലൈൻ പഠനം കൂടി കണക്കിലെടുത്താണ് മാതാക്കൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നേരിട്ടുള്ള പഠനം തുടരുമെന്ന് അതതിടങ്ങളിലെ വിദ്യാഭ്യാസ വിഭാഗം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.