ഫുജൈറ: ക്രിക്കറ്റിനെ ജീവവായുപോലെ നെഞ്ചേറ്റുന്ന യു.എ.ഇയിലെ ഏതൊരു കായിക പ്രേമിയും ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുണ്ടാവും ഹംരിയയിലെ കളിമൈതാനങ്ങൾ. ഒന്നല്ല രണ്ടെല്ല മുപ്പതെണ്ണമെങ്കിലുമുണ്ട് ഷാർജ ഹംരിയ ഫ്രീ സോണിന് എതിർവശത്ത് ഇത്തിഹാദ് റോഡിനോട് ചേർന്ന് ക്രിക്കറ്റ് ഗ്രൗണ്ടുകൾ.ഹംരിയയോട് ചേർന്ന അജ്മാൻ എമിറേറ്റിലുള്ള പത്തെണ്ണം കൂടി ചേർത്താൽ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നാൽപത് മൈതാനങ്ങൾ. 25 ഒാളം ഗ്രൗണ്ടുകളിൽ ഫ്ലഡ്ലിറ്റ് സംവിധാനങ്ങളുള്ളതിനാൽ രാത്രി കാലങ്ങളിലും സജീവം. ചെറുതും വലുതുമായ എണ്ണമറ്റ മത്സര മുഹൂർത്തങ്ങൾക്കാണ് ഇവിടുത്തെ പിച്ചുകൾ സാക്ഷ്യം വഹിക്കുന്നത്. റമദാനിലും ചൂടു കൂടുതലുള്ള മാസങ്ങളിലും നേരം പുലരുവോളം മുഴുവൻ ഗ്രൗണ്ടുകളും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടാവും. സൗഹൃദ മത്സരങ്ങൾക്കും ടൂർണമെൻറുകൾക്കുമായി എല്ലാ എമിറേറ്റുകളിൽ നിന്നും ഇവിടെ ക്ലബുകളും കൂട്ടായ്മകളും എത്തുന്നുണ്ട്. ഇപ്പോൾ പ്രചാരമേറെയുള്ള 20^20 പ്രീമിയർ ലീഗിന് ചുവടുപിടിച്ചുള്ള ടൂർണമെൻറുകളുമുണ്ട്.
അലയൻസ് പ്രീമിയർ ലീഗ് എന്ന പേരിൽ നടത്തിയ ടൂർണമെൻറിൽ വൻ പങ്കാളിത്തമാണ് രേഖപ്പെടുത്തപ്പെട്ടത്. യു.എ.ഇ ടീം മുൻ കാപ്റ്റൻ മുഹമ്മദ് തൗഖീർ, ദേശീയ ടീമംഗം ഫഹദ് അൽ ഹാഷിമി തുടങ്ങിയ താരങ്ങളുടെ പങ്കാളിത്തവും മാച്ചുകളിലുണ്ടായിരുന്നു. യു.എ.ഇയെ പ്രതിനിധീകരിച്ചു കളിച്ച മലയാളി താരങ്ങളായ കൃഷ്ണചന്ദ്രൻ കരാട്ടെ, ലക്ഷ്മൺ ശ്രീകുമാർ, മുഹമ്മദ് ഷാനിൽ, സി.പി. റിസ്വാൻ തുടങ്ങിയവരും ഹംരിയ ഗ്രൗണ്ടുകളിലെ നിത്യ സാന്നിധ്യമാണ്. 11വർഷമായി ഹംരിയയിൽ രണ്ട് ഗ്രൗണ്ടുകൾ സ്വന്തമായുള്ള അലയൻസിെൻറ പിച്ചുകളിൽ വർഷത്തിൽ ശരാശരി 1500 മുതൽ 1800 വരെ മത്സരങ്ങൾ നടക്കാറുണ്ടെന്ന് ഗ്രൗണ്ട് ഒാർഗനൈസർ അജ്മൽ പറയുന്നു. ഇ.സി.ടി, മെർസ തുടങ്ങിയ മാനേജ്മെൻറുകളും ഗ്രൗണ്ടുകൾ ഒരുക്കുന്നുണ്ട്. ശുചി മുറികൾ, പ്രാർഥനാ സൗകര്യം എന്നിവ കൂടി ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.