ദുബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തു തന്നെ ചെലവഴിച്ചാലും അധികമാവില്ല എന്ന ബോധ്യത്തിൽ ദുബൈയിലെ ഒരു ബേക്കറിയിൽ എത്തിയ ഉപഭോക്താവ് ഒാർഡർ ചെയ്തത് സ്വർണ മധുരമുള്ള കൂറ്റൻ കേക്ക്. 150,000 ദിർഹം ( 2618363 ഇന്ത്യൻ രൂപ) വിലവരുന്ന കേക്കിൽ സ്ത്രീ ശാക്തീകരണത്തിെൻറ കഥ പറയുന്ന ആമിർഖാൻ ചിത്രമായ ദംഗലിെൻറ ആശയമാണ് പ്രമേയമാക്കിയത്.
മക്കളായ ഗീതയും ബബിതയും ഗുസ്തി പരിശീലിക്കുന്നത് നോക്കി നിൽക്കുന്ന ആമിർ കഥാപാത്രം മഹാവീർ സിംഗ് പോഗട്ടിനെയും ചിത്രീകരിച്ച നാലടി വലിപ്പമുള്ള കേക്ക് മൂന്നര ആഴ്ചയുടെ അധ്വാനത്തിലാണ് പൂർത്തിയാക്കിയത്. ഗീത 2010ലെ കോമൺവെൽത്ത് കായികമേളയിൽ നേടിയ സ്വർണമെഡലിെൻറ മാതൃക കേക്കിൽ ഉൾക്കൊള്ളിച്ചപ്പോൾ സ്വർണവും വാരി വിതറി. യാതൊരു പിശുക്കും പാടില്ലെന്ന കസ്റ്റമറുടെ നിർദേശം പാലിച്ച് 75 ഗ്രാം വീതം ഭക്ഷ്യയോഗമായ സ്വർണം പൊതിഞ്ഞാണ് രണ്ട് മെഡലുകൾ നിർമിച്ചത്. സിനിമയിൽ കാണുന്ന മൺ നിലവും പുൽക്കൂടുമെല്ലാം അതേപടി തയ്യാറാക്കി കഴിഞ്ഞു. അതും കഴിക്കാവുന്നവ. 54 കിലോ ഭാരം വരുന്ന കേക്ക് 240 പേർക്ക് കഴിക്കാം.
നിർമാണത്തിനു മുൻപ് ആശയം മനസിലെത്തിക്കാനായി ജീവനക്കാരോട് ദംഗൽ സിനിമ കാണുവാൻ നിർദേശിച്ചതായി കേക്ക് തയ്യാറാക്കിയ ബ്രോഡ്വേ ബേക്കറി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.